Idukki local

പ്രമുഖരുടെ പ്രചാരണത്തിനും പീരുമേടിനെ വീണ്ടെടുക്കാനായില്ല

വണ്ടിപ്പെരിയാര്‍: പീരുമേട്ടിലെ യു.ഡി.എഫിന്റെ പരാജയത്തിനു പിന്നില്‍ അമിത ആത്മവിശ്വാസം വിനയായി. ചിട്ടയായ പ്രവര്‍ത്തനവും ശക്തമായ പ്രചാരണവുമാണ് എല്‍.ഡി.എഫിനു ഗുണമായത്.
മുന്‍എം.എല്‍.എ കെ.കെ.തോമസിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ സിറിയക്ക് തോമസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫ്. ക്യാംപുകളില്‍ അമിതമായ ആത്മ വിശ്വാസം ഉടലെടുത്തിരുന്നു . പ്രചാരണത്തില്‍ തുടക്കം മുതലെ മുന്നിലായിരുന്ന ബിജിമോളെ മാനസികമായി തളര്‍ത്താനും യു.ഡി.എഫിനു കഴിഞ്ഞിരുന്നു. സിറിയക്ക് തോമസിന്റെ പ്രചാരണത്തിനായി ഉമ്മന്‍ചാണ്ടി രണ്ടു തവണ മണ്ഡലത്തില്‍ പര്യടനം നടത്തി.
രമേശ് ചെന്നിത്തല ഒരു തവണയും മണ്ഡലത്തില്‍ പ്രചരണം നടത്തിയിരുന്നു.ചില നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നതും സിറിയക്കിന്റെ പരാജയത്തിനു കാരണമായി. യു.ഡി.എഫിനെ തുടര്‍ച്ചയായി തുണച്ചിരുന്ന പഞ്ചായത്തുകളായ കുമളിയില്‍ 2350 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കുമളി പഞ്ചായത്ത് എല്‍.ഡി.എഫിനൊപ്പം നിക്കുകയും 7 വോട്ടിന്റെ ഭൂരിപക്ഷം നല്‍കുകയും ചെയ്തു.
കാര്‍ഷിക മേഖലയായ പെരുവന്താനം, കൊക്കയാര്‍, കുമളി, അയ്യപ്പന്‍ കോവില്‍,ചക്കുപള്ളം, പഞ്ചായത്തുകള്‍ യു.ഡി.എഫിനെപ്പം നില്‍ക്കുമെന്നു കരുതിയെങ്കിലും ഇതും സിറിയക്ക് തോമസിനെ കൈവിട്ടു. എന്നാല്‍ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ 3137 വോട്ട് ബിജിമോള്‍ക്ക് ലഭിച്ചത് 2220 വോട്ടായി കുറക്കാന്‍ കഴിഞ്ഞു.ബിജിമോളുടെ സ്വന്തം പഞ്ചായത്തായ ഏലപ്പാറയില്‍ സിറിയക്ക് തോമസാണ് ലീഡ് ചെയ്തത് 1605 ന്റെ വ്യക്തമായ ഭൂരിപക്ഷമാണ് ഇവിടെ കിട്ടിയത്.
Next Story

RELATED STORIES

Share it