പ്രഭാത് പട്‌നായിക്കിന്റെ ഓഫിസ് മുന്നറിയിപ്പില്ലാതെ പൂട്ടി

ന്യൂഡല്‍ഹി: വിഖ്യാത ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഭാത് പട്‌നായിക്, ഉത്സാ പട്‌നായിക് എന്നിവര്‍ പങ്കിട്ടിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഓഫിസ് അധികൃതര്‍ ഇരട്ടത്താഴിട്ടു പൂട്ടി.ദമ്പതികളായ ഇരുവരും 2010ല്‍ വിരമിച്ചതിനു ശേഷവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസില്‍ എമിരിറ്റസ് പ്രഫസര്‍മാരായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.1970കള്‍ മുതല്‍ 40 വര്‍ഷത്തിലധികമായി രണ്ടുപേരും പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് പൂട്ടിയത്.
ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിന്റെ രണ്ടാമത്തെ ബ്ലോക്കിലെ മൂന്നാമത്തെ നിലയിലാണ് ഈ ഓഫിസ്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ അശോക് കുമാറാണ് ഓഫിസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. ഇതിന്റെ താക്കോല്‍ സെന്ററിലും ലഭ്യമല്ല. ഒരുമാസം മുമ്പ് വിരമിച്ച പ്രഫസര്‍മാര്‍ തങ്ങളുടെ ഓഫിസ് റൂമുകള്‍ ഒഴിഞ്ഞു നല്‍കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എമിരിറ്റസ് പ്രഫസര്‍മാരുടെ കാര്യം വ്യക്തമാക്കിയിരുന്നില്ല. മറ്റ് എമിരിറ്റസ് പ്രഫസര്‍മാരുടെ ഓഫിസുകള്‍ പൂട്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എമിരിറ്റസ് പ്രഫസര്‍മാരും ഓഫിസ് വിട്ടുനല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഉത്സ പട്‌നായിക് സര്‍വകലാശാലാ അധികൃതര്‍ക്ക് കത്തെഴുതി. ഇതുവരെ സര്‍വകലാശാലാ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it