പ്രഫ. സായിബാബയ്ക്കു ജാമ്യം

ന്യൂഡല്‍ഹി: മാവോവാദിബന്ധം ആരോപിച്ച് ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാലാ മുന്‍ അധ്യാപകന്‍ പ്രഫ. ജി എന്‍ സായിബാബയ്ക്ക് സുപ്രിംകോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു. സായിബാബയെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവിട്ടു. ആവശ്യപ്പെടുമ്പോഴെല്ലാം വിചാരണക്കോടതിയില്‍ ഹാജരാവണമെന്നു മാത്രമാണ് ജസ്റ്റിസ് ജെ എസ് ഖേഹറും ജസ്റ്റിസ് സി നാഗപ്പയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്.
ജാമ്യാപേക്ഷയെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.അംഗപരിമിതനായ കുറ്റാരോപിതനോട് കടുത്ത അനീതിയാണു നിങ്ങള്‍ കാട്ടുന്നതെന്നായിരുന്നു നിരീക്ഷണം. സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ചിട്ടുണ്ടെങ്കില്‍ പിന്നെയും എന്തിനാണ് അദ്ദേഹത്തെ തടവിലിടുന്നതെന്ന് കോടതി ചോദിച്ചു. മോചിതനായാല്‍ അദ്ദേഹം മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.
ഒരാള്‍ മോചിതനായാല്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പിടിച്ചുവയ്ക്കാനാവില്ലെന്ന് ജസ്റ്റിസ് ഖേഹര്‍ അഭിപ്രായപ്പെട്ടു. 32 സാക്ഷികളുടെ വിചാരണ മാത്രമേ നടന്നിട്ടുള്ളൂവെന്നും എട്ടു പ്രധാന സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, സായിബാബ ഇനിയും ജയിലില്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ജാമ്യമനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിരോധിത മാവോവാദി സംഘടനയുടെ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നാരോപിച്ച് 2014 മെയിലാണ് അംഗപരിമിതനായ സായിബാബയെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തപ്പെട്ട ബാബ 23 മാസത്തിനു ശേഷം ജയില്‍മോചിതനായി. കഴിഞ്ഞ ജൂലൈയില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഡിസംബറില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി. അതിനുശേഷം നാഗ്പൂര്‍ ജയിലിലാണു കഴിഞ്ഞിരുന്നത്. മാവോവാദിബന്ധം ആരോപിച്ച് നേരത്തേ പിടിയിലായ ജെഎന്‍യു വിദ്യാര്‍ഥി ഹേമന്ദ് മിശ്രയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബാബയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it