പ്രഫ. വി അരവിന്ദാക്ഷന് സാംസ്‌കാരിക നഗരിയുടെ അന്ത്യാഞ്ജലി

തൃശൂര്‍/തിരുവനന്തപുരം: ഇടതു ചിന്തകന്‍ പ്രഫ. വി അരവിന്ദാക്ഷന് സാംസ്‌കാരിക നഗരിയുടെ അന്ത്യാഞ്ജലി. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആശുപത്രിയിലായിരുന്നു അന്ത്യം. കൊടുങ്ങല്ലൂര്‍ മാനാരിപ്പറമ്പില്‍ നാരായണമേനോന്റെയും വെള്ളാപ്പള്ളില്‍ കുഞ്ഞുലക്ഷ്മിയുടെയും മകനായി 1930 ഒക്‌ടോബര്‍ 17നാണ് ജനനം. സാഹിത്യം സംസ്‌കാരം സമൂഹം എന്ന കൃതിക്ക് 1999ല്‍ വിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2002ല്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി സാഹിത്യ അക്കാദമി ആദരിച്ചു.
മൂലധനം(മാര്‍ക്‌സ്), കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവം (ഏംഗല്‍സ്), റഷ്യയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച (ലെനിന്‍), ഐവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തില്‍ ഒരു ദിവസം (സോള്‍ഷെനിറ്റ്‌സിന്‍), ചെഖോവിന്റെയും ബാബേലിന്റെയും ചെറുകഥകള്‍, വേശ്യത്തെരുവിലെ വെളിച്ചം (ബ്രഹ്തിന്റെ നാടകം), ദേവഭാഷയും ലോകഭാഷയും (ഡോ. രാംവിലാസ് ശര്‍മ) എന്നിവയാണു പ്രധാനകൃതികള്‍. പ്രഭാഷകന്‍, പരിഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ഇന്ദിരയാണു ഭാര്യ. മക്കള്‍: മീര, നന്ദിനി, രഘുരാജ്. മരുമക്കള്‍: ഗോപിനാഥ്, പരമേശ്വരന്‍, വിജയലക്ഷ്മി. സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബി ഡി ദേവസി എംഎല്‍എ, മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖന്‍, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്, നടന്‍ വി കെ ശ്രീരാമന്‍, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, സിനിമാ നിരൂപകന്‍ ഐ ഷണ്‍മുഖദാസ്, പ്രഫ. ജോര്‍ജ് എസ് പോള്‍, ഡോ. എസ് കെ വസന്തന്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലാലൂര്‍ വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. പ്രഫ. വി അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും അനുശോചിച്ചു. കേരള സമൂഹത്തിന്റെ പുരോഗമനപരമായ വളര്‍ച്ചയ്ക്ക് നിസ്തുല സംഭാവന നല്‍കിയ മാര്‍ക്‌സിയന്‍ ചിന്തകനായിരുന്നു പ്രഫ. വി അരവിന്ദാക്ഷനെന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി അറിയിച്ചു.
മതനിരപേക്ഷ പുരോഗമന ജനാധിപത്യമൂല്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു പ്രഫ. വി അരവിന്ദാക്ഷന്റേതെന്നു പിണറായി പറഞ്ഞു. ഇടതുപക്ഷ സാംസ്‌കാരിക സമൂഹത്തിനു പൊതുവിലും സിപിഎമ്മിന് പ്രത്യേകിച്ചും കനത്ത നഷ്ടമാണ് അരവിന്ദാക്ഷന്‍ മാഷിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it