പ്രഫ. എസ്എആര്‍ ഗിലാനിയെ ചോദ്യംചെയ്‌തേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ് ക്ലബ്ബില്‍ അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അബ്ദുര്‍റഹ്മാന്‍ ഗിലാനിയെ ഡല്‍ഹി പോലിസ് വൈകാതെ ചോദ്യംചെയ്‌തേക്കും. ഗിലാനിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പട്ട ഗിലാനിക്കെതിരേ പോലിസ് ചുമത്തുന്ന രണ്ടാമത്തെ രാജ്യദ്രോഹക്കേസാണിത്. ഗിലാനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അറസ്റ്റ് സംബന്ധിച്ച കാര്യത്തില്‍ പോലിസ് തീരുമാനമെടുക്കുക.
പരിപാടിക്കിടെ ശ്രോതാക്കളില്‍ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. ഗിലാനിയെക്കൂടാതെ പേരറിയാത്ത ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യോഗത്തില്‍ മുദ്രാവാക്യംവിളിയുയര്‍ന്നതിനെത്തുടര്‍ന്ന് പ്രസ് ക്ലബ്ബ് അധികൃതര്‍ ഇടപെട്ട് യോഗം നിര്‍ത്തിവയ്പ്പിച്ചിരുന്നു. യോഗം നടത്താന്‍ ഹാള്‍ ബുക്ക് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയ പ്രസ് ക്ലബ്ബ് അംഗം അലി ജാവേദിന് പ്രസ് ക്ലബ്ബ് അധികൃതര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. അലി ജാവേദിനെ പോലിസ് ഇതിനകം രണ്ടുതവണ പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യംചെയ്തു. പരിപാടിയുടെ പ്രധാന സംഘാടകന്‍ എന്ന നിലയ്ക്കാണു ഗിലാനിക്കെതിരേ കേസെടുത്തതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it