പ്രധാന നഗരങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലും കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി കോര്‍പറേഷന്റെ ഡമ്പിങ് യാര്‍ഡായ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആധുനിക പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതിന്റെ ഭാഗമാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഖരമാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നിടത്തുതന്നെ സംസ്‌കരിക്കുന്നത് ശീലമാക്കണം. എന്നാല്‍, കൊച്ചി പോലുള്ള വലിയ പട്ടണങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മാലിന്യങ്ങളുണ്ടാവുന്നു. ഉറവിട മാലിന്യ സംസ്‌കരണം വലിയ നഗരങ്ങളില്‍ പ്രായോഗികമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികളെപ്പറ്റി ആലോചിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥിതി അവസാനിപ്പിക്കണം. ശുദ്ധിയുള്ള ഒരു സംസ്‌കാരമാണ് വളര്‍ത്തിയെടുക്കേണ്ടത്. ഈ ഭൂമി വരുംതലമുറയ്ക്ക് ഏല്‍പിച്ചുകൊടുക്കുമ്പോള്‍ അന്തരീക്ഷവും വായുവും ജലവും മലിനമാകാതെ നിലനിര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് വരുന്നതു നാട്ടുകാരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചുകൊണ്ടാണ്. സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്ന പദ്ധതിയാണിത്. പരിസ്ഥിതിക്കോ മറ്റോ ഒരു പ്രശ്‌നവും ഉണ്ടാവരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോയത്. ബ്രഹ്മപുരം പ്ലാന്റ് നിര്‍മാണോദ്ഘാടനം വരെ എത്തിനില്‍ക്കുമ്പോള്‍ അതിനായി മുന്‍കൈയെടുത്ത ശാസ്ത്ര ഉപദേഷ്ടാവ് ചന്ദ്രദത്തനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ബ്രഹ്മപുരത്ത് കോര്‍പറേഷന്റെ അധീനതയിലുള്ള 106 ഏക്കര്‍ ഭൂമിയില്‍ നിന്ന് 20 ഏക്കറാണ് പുതിയ പ്ലാന്റിന് പാട്ടത്തിനു നല്‍കിയിരിക്കുന്നത്. ജിജെ എക്കോ പവര്‍ കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുത്തിരിക്കുന്നത്. കമ്പനിയുമായി രണ്ടു വര്‍ഷം മുമ്പ് കരാറില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും വിവിധ അനുമതികള്‍ വൈകി ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. 375 കോടിയുടെ പദ്ധതിയാണിത്. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിദിനം 400 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ സംസ്‌കരിക്കാന്‍ സാധിക്കും.
ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ സൗമിനി ജെയിന്‍, പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ്, പി ടി തോമസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പങ്കെടുത്തു.
Next Story

RELATED STORIES

Share it