പ്രധാന്റെ ഓഫിസ് നവീകരണ ചെലവുകള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഓഫിസ്, വസതി എന്നിവയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചെലവുകള്‍ പരിധി ലംഘിച്ചിട്ടുണ്ടെങ്കില്‍ വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പെട്രോളിയം മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.
ഇതുസംബന്ധിച്ച ഉദ്യോഗസ്ഥരുടെ വാദം തള്ളിയാണ് കമ്മീഷന്‍ ഉത്തരവ്. സാമൂഹിക പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളാണ് സര്‍ക്കാരിന്റെ വിവിധ താമസ സൗകര്യം, മന്ത്രിയുടെ ഓഫിസ്, വസതി എന്നിവിടങ്ങളിലെ ഉപകരണങ്ങള്‍ക്കും പുനരുദ്ധാരണത്തിനും ചെലവഴിച്ച തുകയുടെ പൂര്‍ണ വിവരങ്ങള്‍ തേടി മന്ത്രാലയത്തെ സമീപിച്ചത്.
കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ട് മന്ത്രിമാരുടെ വസതിയുടെയും ഓഫിസിന്റെയും പുനരുദ്ധാരണത്തിന് ഉപയോഗിക്കുമോയെന്നും അദ്ദേഹം വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിരുന്നു.
ഈ വിവരങ്ങള്‍ മന്ത്രാലയത്തില്‍ ലഭ്യമല്ലായെന്നു ചൂണ്ടിക്കാട്ടി 2015 ആഗസ്ത് 27ന് സെന്‍ട്രല്‍ പെട്രോളിയം ഇന്‍ഫര്‍മേഷന്‍ ഓഫിസ് (സിപിഐഒ) അഗര്‍വാളിന്റെ അപേക്ഷ തള്ളുകയായിരുന്നു.
രേഖകള്‍ പരിശോധിക്കുകയും ഇരു കക്ഷികളുടെയും വാദം കേള്‍ക്കുകയും ചെയ്ത ശേഷം വിവരങ്ങള്‍ നിഷേധിക്കാന്‍ മന്ത്രാലയത്തിന് അര്‍ഹതയില്ലെന്നു വിവരാവകാശ കമ്മീഷണര്‍ ശരത് സബര്‍വാള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it