ernakulam local

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; നഗരം ഒരുങ്ങി, കനത്ത സുരക്ഷ



കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.ജൂണ്‍ 17 രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക. 10.35ന് പാലാരിവട്ടം സ്‌റ്റേഷനില്‍ മെട്രോയുടെ ഉദ്ഘാടനം. തുടര്‍ന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര. 11 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ കൊച്ചി മെട്രോയുടെ സമര്‍പണം നിര്‍വഹിക്കും. 12.15ന് സെന്റ് തെരേസാസ് കോളജില്‍ പി എന്‍ പണിക്കര്‍ ദേശീയ വായനാമാസാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.സെന്റ് തെരേസാസ് കോളജില്‍ നിന്നും ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയിലാണ് ഇന്നലെ മുതല്‍ നഗരം. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാപരമാണ് സംസ്ഥാന പോലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ്പിജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി കെ ഗൗതം പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര, മറ്റ് പോലിസുദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കനത്തസുരക്ഷയാണ് മെട്രോ ഉദ്ഘാടനവേദിയായ കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുക. സ്‌റ്റേഡിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ 3500ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ക്ഷണിതാക്കളെല്ലാം ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡുമായി വരണം. സെന്റ് തെരേസാസില്‍ നടക്കുന്ന വായനാദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും ക്ഷണിതാക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.
Next Story

RELATED STORIES

Share it