പ്രധാനമന്ത്രി ഇന്നു കേരളത്തില്‍

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു സംസ്ഥാനത്തെത്തും. തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനം, കൊച്ചിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം, കൊല്ലത്ത് ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം, ശിവഗിരി സന്ദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖ തയ്യാറായി. ഇന്നു വൈകീട്ട് 4.10നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന നരേന്ദ്രമോദി സ്വീകരണത്തിനു ശേഷം 4.15ന് ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടിലേക്കു തിരിക്കും.
4.50ന് തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരുന്ന അദ്ദേഹം 5 മണിക്ക് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 7.15നു കൊച്ചി താജ് മലബാറിലെത്തും. അവിടെയായിരിക്കും പ്രധാനമന്ത്രി താമസിക്കുക.
നാളെ രാവിലെ 9 മണിക്ക് ഐഎന്‍എസ് ഗരുഡയില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി ട്രൈസര്‍വീസ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. തുടര്‍ന്ന് ഐഎന്‍എസ് വിക്രമാദിത്യയിലെത്തി സംയുക്ത കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് 2.45ന് എസ്എന്‍ കോളജില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
തുടര്‍ന്ന് 4.15നു ശിവഗിരി മഠത്തിലെത്തുന്ന പ്രധാനമന്ത്രി, ശ്രീനാരായണഗുരുവിന് ആദരവ് അര്‍പ്പിച്ച ശേഷം ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 5.10ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി 5.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിക്ക് മടങ്ങും.
Next Story

RELATED STORIES

Share it