kasaragod local

പ്രധാനമന്ത്രി ഇടപെട്ടു; ബേക്കല്‍ കോട്ടയില്‍ ശൗചാലയമൊരുങ്ങുന്നു



കാസര്‍കോട്: ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ശൗചാലയമില്ലാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിയ വിദ്യാര്‍ഥിനി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനകം കോട്ടയ്ക്കകത്ത് ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി.ബോവിക്കാനം ബിഎആര്‍എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മുളിയാര്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ എം കാവ്യ ഉണ്ണി എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഇടപെടുകയായിരുന്നു.  കഴിഞ്ഞ ഏപ്രില്‍ 30നാണ് കാവ്യ കുടുംബത്തോടൊപ്പം ബേക്കല്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയത്. ആറ് ഏക്കറോളം വരുന്ന കോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് ശൗചാലയമില്ലെന്നറിഞ്ഞതോടെയാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബേക്കല്‍ കോട്ടയിലെ ജീവനക്കാരെ സമീപിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. ബേക്കല്‍ കോട്ടയില്‍ പ്രവേശനത്തിന് ഒരാള്‍ക്ക് 15 ഈടാക്കുന്നുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും കോട്ടയ്ക്കകത്തില്ല.പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാവ്യ നരേന്ദ്ര മോഡി എന്ന ആപ്ലിക്കേഷനിലൂടെ പരാതി നല്‍കുകയായിരുന്നു.  തൃശൂര്‍ ആസ്ഥാനമായ ആര്‍ക്കിയോളജിക്കല്‍ വകുപ്പിനാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും നിര്‍ദേശം നല്‍കിയത്. ബാവിക്കാനത്തെ പിക്കപ്പ് ലോറി ഡ്രൈവറായ ഉണ്ണികൃഷ്ണന്‍-ജയശ്രീ ദമ്പതികളുടെ മകളാണ് കാവ്യ. സഹോദരന്‍ രാഹുല്‍ ഉണ്ണി ബോവിക്കാനം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it