Flash News

പ്രധാനമന്ത്രി ആവാസ് യോജന : 7942 വീടുകള്‍ക്ക് കൂടി കേന്ദ്രാനുമതി



തിരുവനന്തപുരം: എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 7942 വീടുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രാനുമതി. കേന്ദ്രഭവന നഗരവികസന മന്ത്രാലയ ആസ്ഥാനത്ത് ചേര്‍ന്ന സെന്‍ട്രല്‍ സാങ്ഷനിങ് ആന്റ് മോണിറ്ററിങ് സമിതിയാണ് പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതിനായി 238.26 കോടി രൂപ വകയിരുത്തി. ഇതില്‍ 119.13 കോടി കേന്ദ്രവിഹിതമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയാണ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനു പുറമെ 96 വീടുകളുടെ നവീകരണത്തിനായി 1.69 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. കേരളത്തിലെ വിവിധ നഗരസഭകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ കുടുംബശ്രീ പരിശോധിച്ചു സംസ്ഥാനതല സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച് അനുമതി നേടിയ ശേഷമാണ് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി നല്‍കിയത്. ഇതോടുകൂടി സംസ്ഥാനത്താകെ 36918 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്. 1107.5 കോടി രൂപയാണ് ആകെ പദ്ധതിച്ചെലവ്. കേരളത്തില്‍ ഈ പദ്ധതി പ്രകാരം ഇതുവരെ അംഗീകാരം ലഭിച്ച വീടുകളില്‍ 229 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 12168 വീടുകളുടെ നിര്‍മാണം നടന്നുവരുകയാണ്. സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുന്നതിനു മൂന്നു ലക്ഷം രൂപ നല്‍കുന്ന ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണമെന്ന ഘടകത്തിലുള്ളതാണ് പദ്ധതി. ഇതില്‍ ഒന്നരലക്ഷം രൂപ കേന്ദ്രവിഹിതമാണ്. ശേഷിച്ച തുക സംസ്ഥാന, നഗരസഭ വിഹിതമാണ്. ചേരിവികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി, അഫോര്‍ഡബിള്‍ ഹൗസിങ് സ്‌കീം, വ്യക്തിഗത നിര്‍മാണം എന്നീ നാലു വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it