പ്രധാനമന്ത്രിയുടെ സോമാലിയ; പരാമര്‍ശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം ഇന്ത്യയുടെ ഭാഗമാണെന്നുപോലും മോദി മറന്നു. പ്രധാനമന്ത്രിയുടെ മറുപടി കത്തിനായി കാത്തിരിക്കുന്നു. മറുപടി ലഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തിക്കെട്ടുന്ന പ്രവൃത്തിയാണ് മോദിയില്‍നിന്നുമുണ്ടായതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സോമാലിയയോട് ഉപമിച്ചതിലൂടെ കേരളത്തെ അപമാനിച്ചെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍നിന്നു ഭക്ഷണം കഴിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് മോദി കേരളത്തെ സോമാലിയയോട് ഉപമിച്ചത്. അതിനിടെ, സോമാലിയ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നു. കേരളത്തിന്റെ അഭിമാനത്തകര്‍ച്ചയ്ക്കു കാരണക്കാരന്‍ അഞ്ചുവര്‍ഷം ദുര്‍ഭരണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കുമ്മനം പറഞ്ഞു. യുഡിഎഫിന്റെ ഭരണംകൊണ്ട് നഷ്ടമാവാത്ത എന്ത് അഭിമാനമാണ് മലയാളിക്ക് ഇനിയുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മലയാളിയുടെ അഭിമാനത്തെപ്പറ്റി ഓര്‍മയുണ്ടാവുന്ന ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഭരണാധികാരികളാണ് കേരളത്തിന്റെ ശാപം.
സര്‍ക്കാരിന്റെ മുഖം വൈകൃതമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികള്‍ ചെലവഴിച്ചെന്ന് മേനിനടിക്കുന്ന ഉമ്മന്‍ചാണ്ടിക്ക്, പേരാവൂരിലെ ആദിവാസി കോളനിയില്‍ മാലിന്യത്തില്‍നിന്ന് വിശപ്പടക്കേണ്ടിവന്ന ബാല്യങ്ങളെപ്പറ്റിയുള്ള വാര്‍ത്ത അപമാനകരമായി തോന്നാത്തത് ഈ നാടിന്റെ ദൗര്‍ഭാഗ്യമാണ്. മുഖ്യമന്ത്രി യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it