thrissur local

പ്രധാനമന്ത്രിയുടെ വേദി നായ്ക്കനാലിന് സമീപത്തേക്ക് മാറ്റി

തൃശൂര്‍: വടക്കുംനാഥന്റെയോ ഉപക്ഷേത്രങ്ങളിലേയോ ഭക്തര്‍ക്ക് അസൗകര്യമുണ്ടാകാതെ ഏറ്റവും അധികം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം പ്രധാനമന്ത്രിയുടെ പൊതുയോഗ വേദി ഒരുക്കും. നായ്ക്കനാല്‍ പരിസരത്ത് വടക്കും നാഥന്‍ ശ്രീമൂലസ്ഥാനത്തേക്കുള്ള റോഡിന്റെ കിഴക്ക് വശത്ത് തെക്ക് പടിഞ്ഞാറ് അഭിമുഖമായാണ് വേദിയൊരുക്കുന്നത്.സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രുപ്പ് (എസ്പിജി) ഇന്‍സ്‌പെക്ടര്‍ ജനറല്‍ വൈ കെ ജെത്വ, എഐജിമാരായ സുമിത് സിദ്ധി, രാജീവ് ഖുഗ്‌സല്‍ ,ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ ,തൃശൂര്‍ റേഞ്ച് ഐ.ജി.എം ആര്‍ അജിത്കുമാര്‍, പോലിസ് കമ്മീഷണര്‍ കെ ജി സൈമണ്‍ , ജില്ലാ പോലിസ് മേധാവി ( റുറല്‍) കെ കാര്‍ത്തിക്  ക്ഷേത്രഭരണ സമിതി അംഗം പൊതുയോഗ സംഘാടകസമിതി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥി കോര്‍ണറിന് സമീപമായിരുന്നു വേദി നിശ്ചയിച്ചിരുന്നത്. യോഗസ്ഥല സന്ദര്‍ശനത്തിനു ശേഷം കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഐജി വൈ കെ ജെത്വ ജില്ലാഭരണകുടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരുക്കങ്ങളെ പ്രശംസിക്കുകയും സുരക്ഷാ ക്രമീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പ്രവേശനപ്പാസില്ലാതെ  ആരെയും വേദിയിലേക്ക് കടത്തിവിടില്ല. യോഗത്തിനെത്തുന്ന പൊതുജനങ്ങള്‍ സുരക്ഷാ പരിശോധനക്കായി യോഗം തുടങ്ങുന്നതിനു വളരെ മുന്‍പേ പ്രവേശന കവാടത്തില്‍ എത്തണം. യോഗം തുടങ്ങുന്നതിന് ഒരു മണിക്കുര്‍ മുന്‍പേ പൊതുജനങ്ങളുടെ പ്രവേശനം തടയും. യോഗം ഡിസംബര്‍ 14 ന് വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് വൈ കെ ജെത്വ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സുരക്ഷ ഒരുക്കുക. സ്‌കൂളുകള്‍ക്കൊ  മറ്റ് വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങള്‍ക്കോ അവധിയോ അനാവശ്യ നിയന്ത്രണമോ ഏര്‍പ്പെടുത്തില്ല. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് എന്നീ അവശ്യ സേവനങ്ങള്‍ പോലിസിന്റെ നിയന്ത്രണത്തില്‍ കടത്തി വിടണം. മാധ്യമ പ്രവര്‍ത്തകരും ഒരു മണിക്കുര്‍ മുന്‍പേ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നും ഐജി അറിയിച്ചു. എഡിഎം സി കെ അനന്തകൃഷ്ണന്‍,സബ്കലക്ടര്‍ ഹരിത. വി കുമാര്‍ ഐ ബി അഡീ.ഡയറക്ടര്‍ സി ഉണ്ണിക്ക്യഷ്ണന്‍, സിറ്റി എസിപിശിവ വിക്രം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it