Editorial

പ്രധാനമന്ത്രിയുടെ വാചകമേള

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനത്തിന്റെ മഹാവാത്മീകം പൊട്ടിച്ചു പുറത്തുവന്നിരിക്കുന്നു. ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്കുമെതിരേ പൊരുതുകയല്ല, ദാരിദ്ര്യത്തിനെതിരില്‍ ഒരുമിച്ചു പോരാടുകയാണു വേണ്ടത് എന്നത്രെ അദ്ദേഹത്തിന്റെ ഉപദേശം.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരു മുസ്‌ലിമിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തെക്കുറിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി യാതൊന്നും മിണ്ടുന്നില്ല എന്നാക്ഷേപിച്ചവര്‍ക്ക് പരോക്ഷമായ മറുപടിയായിട്ടാണ് മോദിയുടെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈയിടെ നടത്തിയ ഒരു പ്രസംഗത്തില്‍ സഹിഷ്ണുതയുടെ മൂല്യങ്ങളെപ്പറ്റി പറഞ്ഞിരുന്നു. ആ പ്രസംഗത്തിലേക്കു സൂചനകള്‍ നീട്ടിക്കൊണ്ട് കാടടക്കി വെടിവച്ചിരിക്കുകയാണ് മോദി. കൊണ്ടാല്‍ കൊണ്ടു, അത്രതന്നെ.

എന്നാല്‍, ഇതുകൊണ്ട് തീര്‍ന്നുവോ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം? മാട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്നു പറഞ്ഞ് ഒരു മനുഷ്യനെ ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നിട്ട് ദിവസം പത്തിലേറെയായി. ഈ നീചകര്‍മത്തിനു ചുക്കാന്‍പിടിച്ചത് ഒരു ഹിന്ദുക്ഷേത്രം കേന്ദ്രമാക്കി ബി.ജെ.പി. നേതാക്കളാണെന്നു വ്യക്തമായിരിക്കുകയാണ്. എന്നുമാത്രമല്ല, കുറ്റവാളികളെ രക്ഷിക്കാനും അവര്‍ക്കു പ്രതിരോധം തീര്‍ക്കാനും ഹിന്ദുത്വശക്തികള്‍ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തു. സംഗീത് സോം, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി തുടങ്ങിയ കാവിപ്പടയാളികള്‍ ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ രക്ഷിക്കാന്‍ സജീവമായി ശ്രമിച്ചുവരുകയാണ്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിങും നിതിന്‍ ഗഡ്കരിയും മഹേഷ് ശര്‍മയുമെല്ലാം സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്.

ഈ സമയത്താണ് എല്ലാവരും മറക്കുകയും പൊറുക്കുകയും ചെയ്യൂ, നിരുത്തരവാദപ്പെട്ട പ്രസ്താവനകള്‍ അവഗണിക്കൂ എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഇറങ്ങിയിട്ടുള്ളത്. മുറിവേറ്റ ഇന്ത്യന്‍ മനസ്സിനും ഇന്ത്യന്‍ മതേതരത്വത്തിനും ഇതുമതിയോ?നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവഗണിക്കാന്‍ അഭ്യര്‍ഥിക്കുന്ന പ്രധാനമന്ത്രിയുടേത് തികച്ചും നിരുത്തരവാദപരമായ മറ്റൊരു നടപടിയാണ്.

പ്രധാനമന്ത്രി വേണ്ടിയിരുന്നത് തന്റെ അനുയായികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ പേരുപറഞ്ഞ് അപലപിക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രസ്താവന നടത്തിയ അതേ ദിവസം തന്നെയാണ് കശ്മീരില്‍ മാട്ടിറച്ചിപ്പാര്‍ട്ടി നടത്തിയെന്നു പറഞ്ഞ് ഒരു എം.എല്‍.എയെ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ മര്‍ദ്ദിച്ചത്.

അദ്ദേഹം അതിനെതിരേ ഒരക്ഷരം മിണ്ടിയോ? പരസ്പരം ക്ഷമിക്കണമെന്ന് മോദി ഇരുകൂട്ടരോടും പറയുന്നു. ചെന്നായക്കും ആട്ടിന്‍കുട്ടിക്കും ഒരേ നീതി നല്‍കുന്ന ഈ സമീപനത്തിന്റെ ഉള്ള് തീര്‍ത്തും പൊള്ളയാണെന്ന് ആര്‍ക്കാണറിയാത്തത്? ഇതു മറ്റൊരു 'മോദിട്രിക്ക്' മാത്രമാണ്. അതില്‍ വീണുപോവുന്നവരല്ല, ഇന്ത്യാമഹാരാജ്യത്തെ ജനസഞ്ചയം.നരേന്ദ്രമോദി മറക്കാനും പൊറുക്കാനും പറയുന്നത്, ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്്. ആവര്‍ത്തിക്കുന്ന ന്യൂനപക്ഷവിരുദ്ധ നടപടികളുടെ പൈശാചികത സ്വന്തം രാഷ്ട്രീയസിദ്ധാന്തത്തിനും ഭരണത്തിനുംമേല്‍ ചാര്‍ത്തിയ കറ കഴുകിക്കളയാനുള്ള ഒരുപായം മാത്രം.
Next Story

RELATED STORIES

Share it