പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചീഫ്ജസ്റ്റിസ് മടക്കിയയച്ചു

ന്യൂഡല്‍ഹി: നാലു മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ദൂതന്‍ ചീഫ്ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം ഫലം കണ്ടില്ല. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് ഇന്നലെ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ചീഫ്ജസ്റ്റിസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങുകയായിരുന്നു.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവര്‍ പ്രതികളായ പ്രമാദമായ പല കേസുകളും ബിജെപി നേതാക്കളുമായി ബന്ധമുള്ളവരും സുപ്രിംകോടതിയിലെ ജൂനിയര്‍ ജഡ്ജിമാരും ഉള്‍ക്കൊള്ളുന്ന ബെഞ്ചിനു കൈമാറുകയാണ് ചീഫ്ജസ്റ്റിസ് എന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസം നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ്ജസ്റ്റിസിനെ കാണാന്‍ ശ്രമം നടത്തിയത്.
വാര്‍ത്താസമ്മേളനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ജസ്റ്റിസ് ചെലമേശ്വറിനെ സിപിഐ നേതാവ് ഡി രാജ ചെന്നുകണ്ടത് രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it