പ്രധാനമന്ത്രിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലകൂടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതി റാവു രാജിവച്ചതിനെ തുടര്‍ന്നാണിത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും സ്‌പെഷ്യല്‍ പാക്കേജും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അംഗമായ അശോക് ഗജപതി റാവു ഇന്നലെ രാജി സമര്‍പ്പിച്ചത്.
ആന്ധ്രാ വിഷയത്തില്‍ പ്രതിഷേധിച്ച് ടിഡിപിയില്‍നിന്നുള്ള രണ്ട് അംഗങ്ങളാണ് ഇന്നലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. സയന്‍സ് ആന്റ്് ടെക്‌നോളജി എര്‍ത്ത് സയന്‍സ് വകുപ്പു സഹമന്ത്രി വൈ എസ് ചൗധരിയാണ് രാജിവച്ച മറ്റൊരാള്‍. വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി പ്രധാനമന്ത്രി ഏറ്റെടുക്കുന്ന വിവരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി മന്ത്രിമാരുടെ രാജി സ്വികരിച്ചത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്  മന്ത്രിമാരുടെ രാജി സ്വികരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
Next Story

RELATED STORIES

Share it