പ്രധാനമന്ത്രിക്ക് കരിങ്കൊടി; ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് (സിഎംബി) രൂപീകരിക്കാന്‍ വൈകുന്നതും കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് തമിഴ് അനുകൂല സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി കാണിച്ചു. ചെന്നൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തിരുവിതന്‍തായില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനമായ ഡിഫെന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
തമിഴര്‍ വാഴുരിമൈ കൂട്ടമയ്പ്പ് (ടിവികെ) എന്ന തമിഴ് സംഘടനയുടെയും എംഎല്‍എ തമീം അന്‍സാരിയുടെ നേതൃത്വത്തിലുള്ള മനിതാനേയ ജനനായക കക്ഷി എന്നിവരുമടങ്ങുന്നവരാണ് മോദിയെ കരിങ്കൊടി കാണിച്ചത്. അതേസമയം, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഭാരതിരാജയും സിനിമാ നിര്‍മാതാവായ അമീറും വിമാനത്താവളത്തിനടുത്തുതന്നെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇവരില്‍ ചിലരെ പോലിസ് അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും ചെയ്തു. ഈറോഡില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടാണ് പ്രതിഷേധിച്ചത്. 50ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
അതേസമയം ഡിഎംകെ നേതാവ് എം കരുണാനിധി, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍, രാജ്യസഭ എംപി കനിമൊഴി എന്നിവരുടെ വസതികളില്‍ മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കറുത്ത പതാകകള്‍ ഉയര്‍ത്തി. ഇതാദ്യമായാണ് തമിഴ് നാട്ടില്‍ പ്രധാനമന്ത്രിക്കെതിരെ ഇത്രയും സംഘടിതമായ പ്രതിഷേധങ്ങള്‍ ഉയരുന്നത്. ചെന്നൈ വിമാനതാവളത്തില്‍ നിന്നും റോഡ് ഷോയായി വേദിയിലേക്ക് പോകാനായിരുന്നു മോദി തിരുമാനിച്ചത്. എന്നാല്‍ നുറു കണക്കിനാളുകള്‍ കറുത്ത കൊടിയേന്തി പ്രതിഷേധിച്ചതോടെ മോദി റോഡ് മാര്‍ഗമുള്ള യാത്ര ഉപേക്ഷിക്കുകയും ഹെലികേപ്ടറില്‍ വേദിയിലെത്തുകയുമാണുണ്ടായത്.
ഇതിനിടെ വിഷയത്തില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഈറോഡ് ജില്ലയിലെ ധര്‍മലിംഗം സ്വദേശി 25കാരനാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ ഇയാള്‍ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാസന്നനിലയിലാണ്. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരേ ചുമരില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമാണ് യുവാവ് സ്വയം തീക്കൊളുത്തിയത്. കാവേരി തമിഴ്‌നാട് ജനതയുടെ ജീവജലമാണ്. എന്നിട്ടും മുഖ്യമന്ത്രി യും പ്രധാനമന്ത്രിയും കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ ഒന്നുംതന്നെ ചെയ്തിട്ടില്ല. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ ഞാന്‍ എതിര്‍ക്കുന്നുവെന്ന് യുവാവ് ചുമരില്‍ കുറിച്ചു.
Next Story

RELATED STORIES

Share it