പ്രധാനമന്ത്രിക്ക് കത്തുകളയച്ചെങ്കിലും മറുപടി കിട്ടിയില്ല: അന്നാ ഹസാരെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നിശിത വിമര്‍ശനവുമായി അന്നാ ഹസാരെ. പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലോക്പാലിനെ നിയമിക്കണമെന്നും ഉല്‍പാദനച്ചെലവു കണക്കാക്കി കര്‍ഷകര്‍ക്കു മികച്ച വില നല്‍കണമെന്നും ആവശ്യപ്പെട്ടു രാംലീല മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഹസാരെ മുന്നോട്ടുവന്നത്. സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ചെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും അന്നാ ഹസാരെ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നിലപാടുകളോടുള്ള കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ഏഴുവര്‍ഷം മുമ്പ് രാജ്യത്തെ ഇളക്കിമറിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തിനു ശേഷം അന്നാ ഹസാരെ ജന്തര്‍മന്ദറില്‍ വീണ്ടും നിരാഹാര സമരത്തിനെത്തിയിരിക്കുന്നത്. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരത്തിനു ജനങ്ങള്‍ എത്താതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകളും ബസ്സുകളും റദ്ദാക്കി. സമരത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. നിരവധി പോലിസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതൊരു സമാധാന സമരമാണ്.
പക്ഷേ, ഇന്ത്യ-പാക് യുദ്ധത്തിനു സമാനമായി കാര്യങ്ങളെ സമീപിച്ചതില്‍ ദുഃഖമുണ്ട്. നിരവധി കഷ്ടങ്ങള്‍ സഹിച്ചാണു കര്‍ഷകര്‍ ഇവിടെയെത്തുന്നതെന്നും ഹസാരെ പറഞ്ഞു. ലോക്പാല്‍ നടപ്പാക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ മരണം വരെ സമരം തുടരുമെന്നും ഹസാരെ വ്യക്തമാക്കി.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നിയമനം ആവശ്യപ്പെട്ടുള്ള സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. തിരഞ്ഞെടുപ്പുചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും ആവശ്യമുണ്ട്. ഹസാരെക്കു പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it