thrissur local

പ്രദേശവാസികള്‍ തന്നെ യാചക നിരോധന ബോര്‍ഡ് സ്ഥാപിക്കുന്നു

തൃശൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തെകുറിച്ച് ഭീതിയകലാതെ ജനം തന്നെ സുരക്ഷയ്ക്ക് അരങ്ങൊരുക്കുന്നു. പല മേഖലയിലും പ്രദേശവാസികള്‍ തന്നെ യാചക നിരോധന ബോര്‍ഡ് സ്ഥാപിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്ന കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് 2 ദിവസം മുമ്പാണ്. എന്നാല്‍ ഇതിന് പിറകെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശി ആലപ്പുഴയില്‍ പോലിസ് പിടിയിലായി. 3 വയസുള്ള കുട്ടിയെയാണ് കാവി വസ്ത്രധാരിയായ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഐസ്‌ക്രീം ബോളുകള്‍ തുടങ്ങി കുട്ടികളെ ആകര്‍ഷിക്കാനുള്ള നിരവധി വസ്തുക്കളും ഇയാളുടെ ഭാണ്ഡത്തില്‍ നിന്ന് പിടികൂടി. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നത് വാസ്തവമാണ്. 2 മാസം മുമ്പ് പൂത്തോളില്‍ നിന്ന് 3 വയസുകാരിയെ യാചകന്‍ തട്ടിക്കൊണ്ടുപോയ സംഭവം ജില്ലയെ ഞെട്ടിച്ചതാണ്. ഭാഗ്യവശാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയുമായി യാചകനെ കുന്നംകുളത്ത് നിന്നും പിടികൂടാനായി. യാചകരായെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ജനം ഭീതിയിലാണ്. ഭിക്ഷാടന മാഫിയയ്ക്ക് വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതത്രെ. മുറിവേല്‍പ്പിച്ചും പൊള്ളലേല്‍പ്പിച്ചും അന്ധത വരുത്തിയും കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിക്കുന്നു. സംസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ ജില്ലയുടെ പലയിടങ്ങളിലും യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രദേശവാസികള്‍ തന്നെയാണ് യാചകനിരോധന ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ മേഖലയിലേക്കൊന്നും യാചകരെ പ്രവേശിപ്പിക്കുന്നില്ല. പഴയ സാധനങ്ങള്‍ ശേഖരിക്കാനെത്തുന്നവര്‍ക്കും ഈ മേഖലകളില്‍ വിലക്കുണ്ട്. ഇതര സംസ്ഥാനക്കാരാണ് ഭിക്ഷാടകരായെത്തുന്നവരില്‍ അധികവും. ഗോവിന്ദച്ചാമിക്ക് പിന്നിലെ ഭിക്ഷാടന മാഫിയയെ ചൂണ്ടിക്കാട്ടി ജനംതെളിവ് നിരത്തുമ്പോള്‍ കൂടുതല്‍ മേഖലകളില്‍ യാചകനിരോധന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it