Alappuzha local

പ്രദേശത്ത് ഭിക്ഷാടന മാഫിയ സജീവമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി



ആലപ്പുഴ: ആലപ്പുഴ നഗരപ്രദേശത്തും അമ്പലപ്പുഴ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും ഭിക്ഷാടന മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നതായി അമ്പലപ്പുഴ താലൂക്ക് വികസന സമിതിയോഗം. നഗരത്തിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും വീടുകള്‍ വാടകയ്ക്ക് എടുത്തും അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം സ്ത്രീകളേയും കുട്ടികളേയും വ്യാപകമായി കൊണ്ടുവന്നും ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തി.നഗരത്തിന്റെ വിവിധ പ്രദേശങ്ങളും ആലപ്പുഴ ബീച്ചും റെയില്‍വേ സ്‌റ്റേഷനുകളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയും കേന്ദ്രീകരിച്ച് ഭിക്ഷാടന മാഫിയ സജീവമാണ്. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും രാത്രികാലങ്ങളില്‍ മോഷണം നടത്താറുണ്ടെന്നും ഒറ്റപ്പെട്ട പ്രദേങ്ങളില്‍ പിടിച്ചുപറി അടക്കമുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ബന്ധപ്പെട്ടവര്‍ ഇതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ സമീപത്തും നഗരത്തിന്റെ പല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ച് വരുന്ന ലാബോറട്ടറികള്‍ ഓരേ തരത്തിലുള്ള പരിശോധനയ്ക്ക് വ്യത്യസ്തമായ റിസള്‍ട്ടാണ് നല്‍കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ലൈസന്‍സുള്ള ടെക്‌നീഷ്യന്‍മാര്‍ മുഴുവന്‍ സമയവും ലാബോറട്ടറികളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ആലപ്പുഴ നഗരത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവര്‍ അലംഭാവം കാണിക്കുകയാണെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ജില്ലാ കോടതി പാലത്തിന്റെ തെക്കേകരയുടെ പടിഞ്ഞാറുഭാഗത്തും എസ് ഡി വി ഗേള്‍സ് സ്‌കൂളിന്റെ മുന്‍വശവും അടക്കമുള്ള ഓട്ടോസ്റ്റാന്റുകള്‍ വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നു. ഫുട്പാത്തിലടക്കം ഓട്ടോറിക്ഷ സ്റ്റാന്റുകളാക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ പോലും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകളില്‍ തന്നെയാണ് നിര്‍ത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നും സഭ ആവശ്യപ്പെട്ടു. യോഗത്തില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ആശ സി എബ്രഹാം സ്വാഗതം പറഞ്ഞു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്, കെ വി മേഘനാഥന്‍,  എം ഇ നിസാര്‍ അഹമ്മദ്, ജോണി മുക്കം, അബ്ദുള്‍സലാം ലബ്ബ, ഡി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷഹീര്‍ എസ് നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it