kannur local

പ്രദര്‍ശനസജ്ജമാവാതെ ഉദ്ഘാടനം ചെയ്തത് തിരിച്ചടിയായി; ലൈറ്റ് ആന്റ് സൗണ്ട് ഷോ ആസ്വദിക്കാനാവാതെ സഞ്ചാരികള്‍ മടങ്ങുന്നു

കണ്ണൂര്‍: സായാഹ്ന സഞ്ചാരികള്‍ക്ക് മിഴിവേകാന്‍ കണ്ണൂര്‍ കോട്ടയില്‍ ആരംഭിച്ച സിംഗപ്പൂര്‍ മോഡല്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആസ്വദിക്കാനാവാതെ സഞ്ചാരികള്‍ മടങ്ങുന്നു. പൂര്‍ണമായും പ്രദര്‍ശനസജ്ജമാവാതെ ഉദ്ഘാടനം ചെയ്തതിനാലാണ് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും എത്തുന്നവര്‍ക്കു മടങ്ങേണ്ടി വരുന്നത്. ഇക്കഴിഞ്ഞ 29നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം ചെയ്തത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധി പേരാണ് ദിവസവും പ്രദര്‍ശനം കാണാനെത്തുന്നത്. ജില്ലയില്‍ നിന്നു മാത്രമല്ല, ഇതര ജില്ലകളില്‍ നിന്നുപോലും സഞ്ചാരികളെത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് താല്‍ക്കാലിക പ്രദര്‍ശനോദ്ഘാടനം നടത്തിയതാണു തിരിച്ചടിയായത്. ഉദ്ഘാടനത്തിനു താല്‍ക്കാലികമായി തയ്യാറാക്കിയ ഉപകരണങ്ങള്‍ കരാര്‍ കമ്പനി അഴിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോട്ടയിലെത്തുന്നവര്‍ക്ക് ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ നിര്‍മാണപ്രവൃത്തി മാത്രമാണു കാണാനാവുന്നത്.
കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയുടെ ചരിത്രം അയവിറക്കുന്ന ലേസര്‍ ഷോയും ശബ്ദവുമടങ്ങിയതാണ് 43 മിനുട്ട് നീണ്ടുനിന്ന ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഓണത്തിനു പ്രദര്‍ശനം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇതിനിടെ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം പരിശോധിച്ച് അനുമതി നല്‍കിയതോടെ പ്രവൃത്തികള്‍ പുരോഗമിച്ചു. എന്നാല്‍ പൂര്‍ണമായും പ്രദര്‍ശന സജ്ജമാവുന്നതിനു മുമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഷോയുടെ സമയമോ കാണാനുള്ള ഫീസോ നിശ്ചയിക്കാതെയാണ് ഉദ്ഘാടന മാമാങ്കം നടത്തിയത്. വിപുലമായ ഒരുക്കങ്ങളോടെ നടത്തേണ്ട ഷോയുടെ സജ്ജീകരണങ്ങളൊന്നും പൂര്‍ത്തിയായിരുന്നില്ല. ഇതിനിടെ ഉദ്ഘാടനം നിശ്ചയിച്ചതോടെ താല്‍ക്കാലികമായി ഉപകരണങ്ങളെത്തിച്ച് സ്ഥാപിക്കുകയായിരുന്നു.
ഉദ്ഘാടനത്തിന്റെ പിറ്റേന്നു തന്നെ ഇതെല്ലാം കരാര്‍ കമ്പനിയായ ബാംഗ്ലൂരിലെ സിംപോളിസ് ടെക്‌നോളജീസ് ലിമിറ്റഡ് അധികൃതര്‍ അഴിച്ചു കൊണ്ടുപോവുകയും ചെയ്തു. വയറിങ് പ്രവൃത്തികള്‍ പകുതി പോലും പൂര്‍ത്തായിയിട്ടില്ല. വയറിങ് പ്രവൃത്തികളെല്ലാം പൂര്‍ത്തിയായി പൂര്‍ണ പ്രദര്‍ശന സജ്ജവാമാന്‍ ഇനിയും ആറു മാസങ്ങമെങ്കിലും വേണ്ടിവരും.
ഷോയുടെ നടത്തിപ്പ് ചുമതല കണ്ണൂര്‍ ഡിടിപിസിക്കാണ്. ശബ്ദവും പ്രകാശവും സന്നിവേശിപ്പിച്ച്, 500 വര്‍ഷം പഴക്കമുള്ള സെന്റ് ആഞ്ചലോ കോട്ടയുടെ ചരിത്രം അനാവരണം ചെയ്യുന്ന വിധത്തിലാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും കാവ്യാ മാധവനുമാണ് ശബ്ദം നല്‍കിയത്. പരിപാടിയുടെ ഇംഗ്ലീഷ് പതിപ്പില്‍ കമലാഹാസനും ശബ്ദം നല്‍കി. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.
ഹൈദരാാബാദിലെ ഗൊല്‍ക്കൊണ്ട കൊട്ടാരം, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപുരം കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോര്‍ കോട്ട എന്നിവിടങ്ങളില്‍ ഇത്തരം ഷോയുണ്ടെങ്കിലും കണ്ണൂരിലേത് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന അവകാശവാദം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരെയെത്തുന്ന സഞ്ചാരികളാണ് നിരാശയോടെ മടങ്ങിപ്പോവുന്നത്.
Next Story

RELATED STORIES

Share it