Flash News

പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബംഗളൂരുവിന്

പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബംഗളൂരുവിന്
X

ഭൂവനേശ്വര്‍: ഐഎസ്എല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫൈനലിലെത്തിയെങ്കിലും കൈവിട്ട കിരീടം പ്രഥമ സൂപ്പര്‍ കപ്പിലൂടെ തിരിച്ചു പിടിച്ച് ബംഗളൂരു എഫ് സി. ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ ഈസ്റ്റ് ബംഗാളിനെ 4-1ന് മുക്കിയാണ് മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സി സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ടഗോളുമായി ഒരിക്കല്‍ കൂടി രക്ഷകനായപ്പോള്‍ രാഹുല്‍ ഭെക്കെയും മിക്കുവും ബംഗളൂരുവിന്റെ അവശേഷിക്കുന്ന ഗോളുകള്‍ കണ്ടെത്തി. ലൈബീരിയന്‍ താരം അന്‍സുമാനാ ക്രോമാഹാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഒരു ഗോളിന് പിന്നിട്ട ശേഷമാണ് ബംഗളൂരു എഫ്‌സി ഈസ്റ്റ് ബംഗാളിന്റെ  പ്രതിരോധക്കോട്ട തകര്‍ത്ത് നാല് ഗോളുകള്‍ പോസ്റ്റിലേക്ക് അടിച്ചിട്ടത്. സൂപ്പര്‍ താരം ഡുഡുവില്ലാതെയാണ് ഈസ്റ്റ് ബംഗാള്‍ കരുത്തരായ ബെംഗളുരുവിനെ നേരിടാന്‍ ഇറങ്ങിയത്. എന്നാല്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചതോടെ മല്‍സരം ആവേശത്തിലായി.  കളി തുടങ്ങി ഏഴാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം അന്‍സുമാനാ ക്രോമാഹിന് ലഭിച്ച അവസരം ബംഗളുരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങും പ്രതിരോധതാരം ജോണ്‍സനും ചേര്‍ന്ന്  നിഷേധിച്ചു. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കകം ഛേത്രി ബംഗാള്‍ പോസ്റ്റില്‍ നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും കേരളതാരം ഉബൈദ് സികെയുടെ തകര്‍പ്പന്‍ സേവ് ബംഗാളിനെ ഗോളില്‍ നിന്നും രക്ഷിച്ചു.  എന്നാല്‍ കളിയുടെ 28ാം മിനിറ്റില്‍ ക്രൊമാഹിലൂടെ തന്നെ ഈസ്റ്റ് ബംഗാള്‍ ലീഡിലെത്തി. ഈസ്റ്റ് ബംഗാളിനനുകൂലമായി ലഭിച്ച കോര്‍ണറിനെ ബൈസിക്കിള്‍ കിക്കിലൂടെ വലിയിലെത്തിച്ചാണ് ക്രൊമാഹ്  ബംഗാളിന്റെ അക്കൗണ്ട് തുറന്നത്. പിന്നീട് പ്രതിരോധത്തില്‍ വീരന്‍മാരായ ബംഗാള്‍ പ്രതിരോധം കൂടുതല്‍ ഭദ്രമാക്കിയെങ്കിലും 39ാം മിനിറ്റില്‍ ബംഗളൂരു എഫ്‌സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ബംഗാളിന്റെ സ്വപ്‌നത്തിന് തടയിട്ടു. കോര്‍ണറിനെ മനോഹരമായി ഹെഡ് ചെയ്ത രാഹുല്‍ ഭെക്കെ ബംഗളൂരുവിന്റെ ആശ്വാസ സമനില കണ്ടെത്തി.  ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ഇന്ത്യന്‍ താരം സമദ് അലി മാലിക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. 51ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ഈസ്റ്റ് ബംഗാൡന്റ ആശിച്ച ഗോളും നഷ്ടമായി.എന്നാല്‍ ബംഗളൂരുവിന് 68ാം മിനിറ്റില്‍ പെനല്‍റ്റി ലഭിച്ചതോടെ കിക്കെടുത്ത സുനില്‍ ഛേത്രി പന്ത് അനായാസം വലയിലാക്കി. ബോക്‌സിനുള്ളില്‍ വെച്ച് ഈസ്റ്റ് ബംഗാളിന്റെ താരം ഗുര്‍വീന്ദര്‍ സിങ് പന്ത് കയ്യില്‍ തൊട്ടതിനാണ് റഫറി പെനല്‍റ്റി നല്‍കിയത്. രണ്ടു മിനിറ്റിനകം മികച്ചൊരു ഗോളിലൂടെ വെനസ്വേലന്‍ താരം മിക്കു ബെംഗളുരുവിന്റെ ലീഡുയര്‍ത്തി. രണ്ടു ഗോള്‍ ലീഡ് വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ നിരാശയിലായി. കളിയുടെ 90ാം മിനിറ്റിലും ഛേത്രി ഈസ്റ്റ് ബംഗാളിന്റെ വലകുലുക്കിയതോടെ 4-1ന്റെ തകര്‍പ്പന്‍ ജയത്തോടെ ബംഗളൂരു പ്രഥമ സൂപ്പര്‍ കപ്പില്‍ കിരീടാവകാശികളായി.
Next Story

RELATED STORIES

Share it