Idukki local

പ്രഥമ നഗരസഭാ യോഗത്തില്‍ ഭരണപക്ഷത്തിന് തിരിച്ചടി

തൊടുപുഴ: സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലിനും വേദിയാകുമെന്ന സൂചന നല്‍കി നഗരസഭയുടെ പ്രഥമ കൗ ണ്‍സിലില്‍ ഭരണപക്ഷത്തിന് തിരിച്ചടി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആദ്യ അജണ്ടയിലെ പ്രമേയാവതരണം തന്നെ യുഡിഎഫിന് പിന്‍വലിക്കേണ്ടി വന്നു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ സ്വകാര്യ ബസ്സ്റ്റാന്റ് ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന 48 സെന്റ് സ്ഥലം തിരികെയെടുക്കാനുള്ള പ്രമേയമാണ് നിയമസാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന പ്രതിപക്ഷ അഭിപ്രായത്തിനു മുന്നില്‍ ഭരണപക്ഷത്തിന് പിന്‍വലിക്കേണ്ടി വന്നത്. മുന്‍ചെയര്‍മാന്‍ എ എം ഹാരിദ് അവതാരകനും പി എ ഷാഹുല്‍ ഹമീദ് അനുവാദകനുമായുള്ള പ്രമേയമായിരുന്നു ഇന്നലെ രാവിലെ 11ന് ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലെ ആദ്യ അജണ്ട. റവന്യൂ ടവര്‍ നിര്‍മാണത്തിനായി ഹൗസിങ് ബോര്‍ഡിന് കൈമാറിയ ഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ തിരിച്ചെടുക്കണമെന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. ഈ സ്ഥലത്തോടു ചേര്‍ന്നു കിടക്കുന്ന റവന്യൂ ഭൂമി നഗരസഭയ്ക്കു വിട്ടു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
പ്രമേയാവതരണത്തിനു ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവും സിപിഎമ്മിലെ മുതിര്‍ന്ന അംഗവുമായ ആര്‍ ഹരി ഇതിനെ എതിര്‍ത്തു. 1994 മുതല്‍ 31 വര്‍ഷക്കാലം ഈ സ്ഥലം ഏറ്റെടുക്കാന്‍ യുഡിഎഫിന് അവസരമുണ്ടായിരുന്നിട്ടും ചെയ്യാതിരുന്നവര്‍ ഇപ്പോള്‍ എന്തിനു വേണ്ടിയാണ് ഇതിന് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നാളുകള്‍ക്കു മുന്‍പ് ഇതേക്കുറിച്ചുള്ള നിയമസാധുതാ പഠനത്തിന്റെ റിപോര്‍ട്ട് ഇനിയും കൗണ്‍സിലില്‍ അവതരിപ്പിച്ചിട്ടില്ല. ആ റിപോര്‍ട്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഫയല്‍ കാണാനില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
എന്നാല്‍ സ്ഥലം എംഎല്‍ എ കൂടിയായ മന്ത്രി പി ജെ ജോസഫിന് നിര്‍ദിഷ്ട സ്ഥലത്ത് ചില വികസന പദ്ധതികളുണ്ടെന്നും അതാണ് സ്ഥലത്ത് പ്രത്രേ്യക പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസമായതെന്നും പ്രമേയവതാരകനായ എ എം ഹാരിദ് പറഞ്ഞു.
സ്ഥലം ഏറ്റെടുക്കണമെന്ന കാര്യത്തി ല്‍ തര്‍ക്കമില്ലെങ്കിലും തിടുക്കത്തിലാകുന്നതില്‍ തങ്ങള്‍ക്കും വിയോജിപ്പുണ്ടെന്നു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു പരമേശ്വരനും പറഞ്ഞു. തുടര്‍ന്നു സംസാരിച്ച എല്‍ഡി എഫിലെ മുന്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍ ഉള്‍പ്പെടെയുള്ളവരും ഇതേ നിലപാടില്‍ ഉറച്ചു നിന്നതോടെ പ്രമേയം പിന്‍വലിച്ചതായി എ എം ഹാരിദ് അറിയിച്ചു.
താലൂക്ക് ആശുപത്രിയുടെ സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കം ചെയ്യാന്‍ 70000 രൂപ അനുവദിച്ചു നല്‍കുന്നതിന് കൗ ണ്‍സിലില്‍ തീരുമാനമായി.
വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും ഓഫിസ് നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ കംപ്യൂട്ടര്‍ കേബിളുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കിയ ചെയര്‍പേഴ്‌ന്റെ നടപടിയും കൗണ്‍സില്‍ ചര്‍ച്ചയില്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it