പ്രഥമ അധ്യയനദിനം കണ്ണീരില്‍ മുങ്ങി; കോഴിക്കോട്ടും കൊല്ലത്തും വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം/കോഴിക്കോട്: അധ്യയനവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു. കൊല്ലത്ത് സ്‌കൂള്‍ തൂണ്‍ തലയില്‍ വീണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയും കോഴിക്കോട് ചെറുവണ്ണൂരില്‍ ഓട്ടോ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനിയുമാണു മരിച്ചത്.
കൊല്ലം മുഖത്തല എംജിടിഎച്ച്എസിലെ തൂണിടിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്താണ്(12) മരിച്ചത്. പ്രവാസിയായ രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ്. ഉച്ചഭക്ഷണത്തിനുശേഷം സ്‌കൂളിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന നിഷാന്തിന്റെ തലയിലേക്കാണു തൂണ് വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലുമ്മൂട് യുപി സ്‌കൂളില്‍ നിന്ന് ഏഴാംതരം പൂര്‍ത്തിയാക്കി ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി മുഖത്തല എംജിടിഎച്ച്എസില്‍ ചേര്‍ന്നതായിരുന്നു നിഷാന്ത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നു വെള്ളം ഒലിച്ചിറങ്ങുന്ന ഭാഗത്തെ തൂണാണ് ഇടിഞ്ഞത്. ദുബയിലുള്ള പിതാവ് ഇന്നു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. രേഷ്മ സഹോദരിയാണ്.
കോഴിക്കോട് ചെറുവണ്ണൂരിലെ ബിസി റോഡില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിലാണ് യുകെജി വിദ്യാര്‍ഥിനി മരിച്ചത്. കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയായ നൂജ നഷ്‌റ(5)ആണ് സ്‌കൂളിലേക്കു പോകുംവഴി മരിച്ചത്. ബേപ്പൂര്‍ പോര്‍ട്ട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥന്‍ നജ്മല്‍ബാബു, നബുഷ ദമ്പതികളുടെ മകളാണ്. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ നൂജ നഷ്‌റയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
നൂജ നഷ്‌റയുടെ സഹോദരിയും ഇതേ സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയുമായ നിജ നഷ്‌റയുള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും സ്‌കൂട്ടര്‍ യാത്രികനുമെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it