പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെപിസിസി

തിരുവനന്തപുരം: ഓഖി ദുരന്തത്തെ ദേശീയദുരന്തമായി കണക്കാക്കി പുനര്‍നിര്‍മാണപദ്ധതിക്കു പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ ഇന്നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്ന് കെപിസിസി നേതൃയോഗം ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിനെത്തുടര്‍ന്നു സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരപാക്കേജ് അപര്യാപ്തമാണ്. മരണമടഞ്ഞ മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ ഒരു ദിവസത്തെ വരുമാനം നല്‍കണമെന്നു യോഗം നിര്‍ദേശിച്ചു. ഈ മാസം 20 മുതല്‍ 27 വരെ ജനങ്ങളില്‍ നിന്ന് ഓഖി സഹായനിധിയും സ്വരൂപിക്കും. ഇതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു കൈമാറും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് 29 മുതല്‍ 31 വരെ ഒമ്പതു തീരദേശജില്ലകളില്‍ പദയാത്ര നടത്തും. തലസ്ഥാനത്ത് ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിച്ച എംഎല്‍എമാരായ വി എസ് ശിവകുമാറിനെയും എം വിന്‍സന്റിനെയും യോഗം അഭിനന്ദിച്ചു. കോണ്‍ഗ്രസ്സിന്റെ സ്ഥാപക ദിനമായ 28ന് കെപിസിസി, ഡിസിസി തലങ്ങളില്‍ ആഘോഷപരിപാടികള്‍ നടത്തും. 23ന് കെ കരുണാകരന്റെ ചരമവാര്‍ഷികം വിപുലമായി ആചരിക്കും. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഈ ജനുവരി മുതല്‍ വിപുലമായ പരിപാടികളോടെ നടത്താനും യോഗം തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 മുതല്‍ ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടുവരെ ഗാന്ധി സ്മൃതി പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍പെട്ടവര്‍ കടലിലാണ് പെട്ടതെങ്കില്‍ 38000 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ കരയില്‍ അപകടത്തില്‍ പെട്ടിരിക്കുന്ന സ്ഥിതിയാണെന്നും ഹസന്‍ പറഞ്ഞു. അവരോട് കൈമലര്‍ത്തിക്കാണിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടവിധം പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. വിലക്കയറ്റം അനുദിനം രൂക്ഷമാവുകയാണ്. ഈ പിടിപ്പുകേടിനെതിരേ ജനുവരി 17ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും ഹസന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it