Alappuzha local

പ്രത്യേക മെഡിക്കല്‍ സംഘരൂപീകരണം; ഫലംകണ്ടു 99പേര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് വിടുതല്‍

ആലപ്പുഴ: അസുഖത്തെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപവല്‍കരിച്ച ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഫലംകണ്ടു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പലരും ഞായറാഴ്ച ചേര്‍ന്ന മെഡിക്കല്‍ സംഘത്തിന് മുമ്പില്‍ എത്തിയില്ല. വ്യാജ അപേക്ഷകരെ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകമെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയത്.
അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ ഗിരിജയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.സി ഒ രാജേന്ദ്രകുമാര്‍, ഡോ. വി എസ് സുനിത, ഡോ. കെ വേണുഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 280 അപേക്ഷകളാണ് കലക്‌ട്രേറ്റില്‍ ലഭിച്ചത്. എന്നാല്‍ 133 പേര്‍ മാത്രമേ മെഡിക്കല്‍ ടീമിന് മുന്നിലെത്തിയുള്ളൂ. ഇതില്‍ 99 പേര്‍ക്ക് തിരഞ്ഞെടുപ്പുജോലിയില്‍ നിന്ന് വിടുതല്‍ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തു. മറ്റുള്ള അപേക്ഷകള്‍ തള്ളി. സമിതിക്ക് മുമ്പാകെ അപേക്ഷകര്‍ നേരിട്ടെത്താനായിരുന്നു നിര്‍ദേശം.
മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റ് 27ന് ഉച്ചയ്ക്ക് രണ്ടുനുശേഷം കലക്‌ട്രേറ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമെന്ന് എഡിഎം അറിയിച്ചു. മറ്റ് അറിയിപ്പുകള്‍ ഇതുസംബന്ധിച്ച് ഉണ്ടാവില്ല.
Next Story

RELATED STORIES

Share it