Flash News

പ്രത്യേക കാര്‍ഷിക മേഖലകള്‍ക്ക്പരിഗണന : വി എസ് സുനില്‍ കുമാര്‍



തൃശൂര്‍: വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ അഗ്രികള്‍ച്ചറല്‍ സോണുകള്‍ സൃഷ്ടിക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. ഇതിനായി ബജറ്റില്‍ 10 കോടിയോളം രൂപയാണ് നീക്കി വച്ചിട്ടുള്ളത്. അഗ്രിക്കള്‍ച്ചറല്‍ സോണുകള്‍ രൂപപ്പെടുന്നതോടെ കര്‍ഷകര്‍ക്കായിരിക്കും അതിന്റെ ഗുണഫലമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയില്‍ കാര്‍ഷിക പഞ്ചാംഗം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലാ വികസനത്തിനായി കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും യോജിച്ചു പ്രവര്‍ത്തിക്കണം. വിവിധ വിളയിടങ്ങളുടെ ജനിതക ശേഖരം സംരക്ഷിക്കാനായി തൃശൂരില്‍ വിത്ത് ബാങ്ക് സ്ഥാപിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിത്ത് ബാങ്ക് കാര്‍ഷിക സര്‍വകലാശാലയോട് ചേര്‍ന്നാണു സ്ഥാപിക്കുക. ഇതിനായി മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിവകുപ്പില്‍ പതിവായ സ്ഥാനക്കയറ്റത്തിനുള്ള കാലതാമസം പരിഹരിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. നിലവില്‍ പ്രമോഷനുകള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് പ്രമോഷന്‍ നടപടികള്‍ക്കു സാധ്യത വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിരമിക്കലോടെ പടിയിറങ്ങുന്ന പ്രഗല്‍ഭര്‍ക്കു പകരമായി ഗവേഷണരംഗത്തു പ്രവര്‍ത്തിക്കുന്ന പുതുതലമുറയെ ഉയര്‍ത്തിക്കൊണ്ടുവരണം. യോഗത്തില്‍ ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ അധ്യക്ഷനായിരുന്നു.അതേസമയം, കേരള കാര്‍ഷികസര്‍വകലാശാല ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി ഫണ്ടനുവദിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ വകുപ്പ് ശുപാര്‍ശ ചെയ്തു. സര്‍വകലാശാലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായ അച്ചടക്കം പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വിഭാഗം സര്‍ക്കാരിനെ ഇക്കാര്യം ധരിപ്പിച്ചിട്ടുള്ളത്. സാമ്പത്തികമായ അച്ചടക്കം പാലിക്കാതെ സര്‍വകലാശാലയില്‍ നടക്കുന്ന ഫണ്ട് വിനിയോഗം സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയാണ്. സര്‍ക്കാരിന്റെ അനുമതിയോടെയല്ലാതെ വിവിധ കാര്യങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കുന്നതാണു നഷ്ടം വരുത്തുന്നത്. അതുകൊണ്ടുതന്നെ സര്‍വകലാശാലയ്ക്കായുള്ള സാമ്പത്തികസഹായങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണു ധനകാര്യവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍വകലാശാല അധികൃ—തരോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. മറുപടിക്കു ശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സ്ഥാപനമാണ് കാര്‍ഷിക സര്‍വകലാശാല. അതുകൊണ്ടുതന്നെ ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും കാര്‍ഷിക പഞ്ചാംഗം പ്രകാശന ചടങ്ങിനായി സര്‍വകലാശാലയിലെത്തിയ മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it