പ്രത്യേക കമ്മിറ്റി അടുത്തയാഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: എംപിമാരെയും എംഎല്‍എമാരെയും അഭിഭാഷകവൃത്തിയില്‍ നിന്നു വിലക്കണമെന്ന പരാതിയില്‍ തീരുമാനമെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര ഇക്കാര്യം സ്ഥിരീകരിച്ചുവെന്നു ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. അശ്വിനി ഉപാധ്യയുടെ ഹരജി പ്രത്യേക കമ്മിറ്റി പരിഗണിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മൂന്നംഗ കമ്മിറ്റിയെ ഈ വിഷയത്തില്‍ നിയോഗിച്ചിട്ടുണ്ട്. അവര്‍ അപേക്ഷ പരിഗണിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മിശ്ര പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരാണ് എംഎല്‍എമാരും എംപിമാരും. അതിനാല്‍ തന്നെ അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അശ്വിനി നല്‍കിയ ഹരജിയില്‍ പറയുന്നു. പാര്‍ലമെന്റിലെയും നിയമസഭയിലെയും സമ്മേളനങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ വരെ പല എംപിമാരും എംഎല്‍എമാരും അഭിഭാഷകരായി കേസുകളില്‍ ഹാജരാവുന്നുണ്ട്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് എതിരായാണു പല കേസുകളിലും ഇവര്‍ ഹാജരാവുന്നതെന്നും ഹരജിയില്‍ പറയുന്നു. ഡിസംബര്‍ 18നാണ് അശ്വിനി ഹരജി നല്‍കിയത്. മുഴുവന്‍ സമയവും പൊതുജനങ്ങളുടെയും മണ്ഡലത്തിന്റെയും ക്ഷേമത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കേണ്ടവരാണു ജനപ്രതിനിധികളെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
ഭോജ്ചന്ദര്‍ ഠാക്കൂര്‍, രമേശ്ചന്ദ്ര ജി ഷാ, ഡിപി ധാല്‍ എന്നിവരടങ്ങിയ പാനലാണ് ഹരജി പരിഗണിക്കുന്നത്. അതേസമയം, അഡ്വക്കറ്റ് ആക്റ്റ് പ്രകാരവും ബാര്‍ കൗണ്‍സില്‍ ചട്ട പ്രകാരവും ജനപ്രതിനിധികള്‍ക്കു പ്രാക്റ്റീസ് ചെയ്യാം എന്നാണ് 2012ലെ സുപ്രിംകോടതി വിധി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയ ശേഷം മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ എന്നിവര്‍ അഭിഭാഷകവൃത്തിയിലേക്കു തിരിച്ചെത്തിയിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലിയെ പോലെയുള്ളവര്‍ മന്ത്രിമാരായ ശേഷം അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്യുന്നില്ല.
Next Story

RELATED STORIES

Share it