പ്രത്യാഘാതങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ ജുഡീഷ്യറിക്ക് ബാധ്യതയുണ്ട്: ഐഎസ്എം

തിരൂര്‍: നിയമത്തിന്റെ തലനാരിഴ കീറി വിധി പ്രസ്താവം നടത്തുമ്പോള്‍ അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ ജുഡീഷ്യറിക്ക് ബാധ്യതയുണ്ടെന്ന് ഐഎസ്എം സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച യൂത്ത് എന്‍ലൈവന്‍ സമ്മിറ്റ് അഭിപ്രായപ്പെട്ടു.
അതിരുകടന്ന ജുഡീഷ്യല്‍ ആക്റ്റിവിസം ജനാധിപത്യ സ്ഥാപനങ്ങളുടെ ആണിക്കല്ലിളക്കും. നിയമം വ്യാഖ്യാനിക്കാ ന്‍ ബാധ്യതപ്പെട്ടവര്‍ നിയമനിര്‍മാണം നടത്തുന്നതു ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയാണു പ്രകടമാക്കുന്നത്. സ്വവര്‍ഗരതി, ശബരിമലയിലെ സ്ത്രീപ്രവേശം, ആരാധനാലയങ്ങളുടെ അപ്രമാദിത്വവും അവകാശത്തര്‍ക്കവും തുടങ്ങിയ പ്രശ്‌നങ്ങളില്‍ ധര്‍മം, സംസ്‌കാരം, പൈതൃകം, രാഷ്ട്രീയം എന്നിവയുടെ തീരുമാനങ്ങളാണ് അഭികാമ്യമായിട്ടുള്ളത്.
പ്രശ്‌നപരിഹാരം ജുഡീഷ്യറിക്ക് വിട്ടുകൊടുത്തു ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നതു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിയമ പുസ്തകങ്ങളിലെ അക്ഷരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നതിലുപരി രാജ്യത്തെ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനാവണം ജുഡീഷ്യറി പ്രാമുഖ്യം നല്‍കേണ്ടത്. സ്വവര്‍ഗരതിക്ക് നിയമപരിരക്ഷ നല്‍കുകയും വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമല്ലാതാക്കുകയും ചെയ്തതിലൂടെ ജുഡീഷ്യറിയുടെ സാമൂഹിക പ്രതിബദ്ധത ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ സാമൂഹികഭദ്രതയും സാംസ്‌കാരിക ഔന്നിത്യവും തകര്‍ക്കും വിധമുള്ള വിധിന്യായങ്ങള്‍ ഒട്ടും ആശാവഹമല്ല- സമ്മേളനം അഭിപ്രായപ്പെട്ടു.
കെഎന്‍എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. ഡോ. കെ അബ്ദുര്‍റഹ്മാന്‍, എം അഹ്മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, അബ്ദുല്‍അലി മദനി, പി സി അബൂബക്കര്‍, നൗഷാദ് കുറ്റിയാടി, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുസ്സലാം മുട്ടില്‍, ഷാനിഫ് വാഴക്കാട്, ഡോ. ഫുക്കാറലി, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, നസീര്‍ ചെറുവാടി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഡ്വ. ഫൈസല്‍ ബാബു, ഫോക്കസ് ഇന്ത്യ പ്രസിഡന്റ് പ്രഫ. യു പി യഹ്‌യാഖാന്‍, സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഐഎസ്എം ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ശാക്കിര്‍ബാബു കുനിയില്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it