Flash News

പ്രതീഷ് വിശ്വനാഥനെ കുറിച്ച് അന്വേഷിക്കണം: കോണ്‍ഗ്രസ്‌



കൊച്ചി: ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന സംഘടനയുടെ നേതാവായ പ്രതീഷ് വിശ്വനാഥനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും കെപിസിസി ഐടി ഉപദേശകസമിതി അംഗവുമായ രാജു പി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിലെ മതംമാറ്റ പീഡനകേന്ദ്രമായ ശിവശക്തി യോഗാ സെന്ററിലെ പീഡനങ്ങളില്‍ തെളിവു നല്‍കാമെന്ന് അറിയിച്ച് മുന്‍ ജീവനക്കാരന്‍ കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ഥാപനത്തിലേക്കു പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് പ്രതീഷ് വിശ്വനാഥന്റെ ഹിന്ദു ഹെല്‍പ്‌ലൈനാണെന്നാണു ഹരജി പറയുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമായിരിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്നും നഗ്നചിത്രം പകര്‍ത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് വിവാദം ആസൂത്രണംചെയ്ത പ്രതീഷ് വിശ്വനാഥന്‍ ബിഡിജെഎസിനെ എന്‍ഡിഎ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ദൂതനായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിരവധി ഹൈന്ദവ സംഘടനകളെയും ആള്‍ ദൈവങ്ങളെയും ബിജെപിയുമായി ബന്ധിപ്പിച്ച കണ്ണി ഇയാളായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കണം. ഹിന്ദു തീവ്രവാദ പ്രവര്‍ത്തനമാണ് പ്രതീഷ് വിശ്വനാഥന്‍ നടത്തുന്നത്. ആര്‍എസ്എസിന്റെ അജണ്ടയാണ് ഇയാള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യോഗാസെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്. യോഗാ കേന്ദ്രത്തിലെ പീഡനത്തില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, യോഗാകേന്ദ്രം നടത്തിപ്പുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലിസ് കോടതിയില്‍ എതിര്‍ത്തില്ല. സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവത്തോടെ കാണുന്നില്ല. സംസ്ഥാനത്തിന് അകത്ത് ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനാസ്ഥയ്ക്ക് പോലിസിനെ മാത്രം കുറ്റം പറയാനാവില്ല. സംസ്ഥാനസര്‍ക്കാരിന്റെ നിലപാടാണ് ഇതിന് അടിസ്ഥാനം. ഇത്രയും വിവാദമായ സംഭവത്തില്‍ സിപിഎം പ്രതിരോധപ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ല. കെ പി ശശികല, ടി ജി മോഹന്‍ദാസ്, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ സര്‍ക്കാര്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും രാജു പി നായര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it