പ്രതീക്ഷ കാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ചെന്നൈ: സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നു ജയിച്ചേ തീരൂ. ഐഎസ്എല്ലില്‍ ഇന്നു നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവല്‍ ഭീഷണി നേരിടുന്നതിനാല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള ഇരു ടീമുകള്‍ക്കും ഇന്നത്തെ മല്‍സരഫലം നിര്‍ണായകമാണ്.
ചെന്നൈയുടെ ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മല്‍സരമെന്നത് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാവാനിടയുണ്ട്. ഇന്നു തോറ്റാല്‍ സെമി മോഹം ഏതാണ്ട് അവസാനിക്കുമെന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സും ചെന്നൈയും ജീവന്മരണ പോരാട്ടത്തിനാണ് കച്ചകെട്ടുന്നത്.
10 മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തും ഇത്രയും കളികളില്‍ നിന്ന് 10 പോയിന്റോടെ ചെന്നൈ അവസാന സ്ഥാനത്തുമാണ്. ഇന്നു ജയിക്കാനായാല്‍ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നതോടൊപ്പം സെമി സാധ്യത ബ്ലാസ്റ്റേഴ്‌സിന് സജീവമാക്കാനുമാവും.
നിര്‍ണായക അങ്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 4-1നു തകര്‍ത്ത ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിലെത്തിയിരിക്കുന്നത്. പീറ്റര്‍ ടെയ്‌ലര്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം ആക്രമണാത്മക ഫുട്‌ബോളിലേക്ക് ചുവടുമാറ്റിയ ബ്ലാസ്‌റ്റേഴ്‌സ് പുതിയ പരിശീലകന്‍ ടെറി ഫെലാനു കീഴില്‍ അദ്ഭുതങ്ങള്‍ കാണിക്കാമെന്ന പ്രതീക്ഷയിലാണുള്ളത്.
പൂനെ സിറ്റിക്കെതിരേയും നോര്‍ത്ത് ഈസ്റ്റിനെതിരേയും മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് തോറ്റെങ്കിലും പൊരുതിയ ശേഷമാണ് മല്‍സരം വിട്ടുകൊടുത്തത്.
പരിക്കേറ്റ് സാഞ്ചസ് വാട്ട് ടീം വിട്ടെങ്കിലും പകരമെത്തിയ അന്റോണിയോ ജര്‍മന്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ക്യാംപിന് ആശ്വാ സം നല്‍കിയിട്ടുണ്ട്. ജര്‍മനൊപ്പം മികച്ച ഫോമിലുള്ള ക്രിസ് ഡഗ്‌നല്‍, കെവിന്‍ ലോബോ, മുഹമ്മദ് റാഫി, സന്ദേശ് ജിങ്കന്‍, ജോസു കുര്യാസ് എന്നിവരുടെ സേവനവും ബ്ലാസ്റ്റേഴ്‌സിനു മുതല്‍ക്കൂട്ടാണ്.
അതേസമയം, പേരുകേട്ട താരങ്ങളുണ്ടായിട്ടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനാവാതെ പോയതാണ് മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെ ന്നൈ ടീമിന് തിരിച്ചടിയായത്. അവസാനം കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കഴിയാതെ പോയത് ചെന്നൈയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മൂന്നു മല്‍സരങ്ങളില്‍ എതിരാളികള്‍ക്കു മുന്നില്‍ അടിയറവ് പറഞ്ഞ ചെന്നൈക്ക് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ കുരുക്കിയത് മാത്രമാണ് ഏക ആശ്വാസം.
Next Story

RELATED STORIES

Share it