malappuram local

പ്രതീക്ഷയോടെ മാതൃ-ശിശു കേന്ദ്രം; ട്രോമാകെയറും ഐസിയുവും ഇനിയുമൊരുങ്ങിയില്ല

നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: ജില്ലയിലെ ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള നഗരമായ പെരിന്തല്‍മണ്ണയില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു ട്രോമാകെയറിന്റെയും ആധുനിക ഐസിയു യുനിറ്റിന്റേയും കുറവ് നിരവധി ജീവനുകളെ രക്ഷിക്കുന്നതില്‍ ജില്ലാ ആശുപത്രിയെ പിറകോട്ടടിപ്പിക്കുന്നു. പാലക്കാട,് കോഴിക്കോട,് തൃശൂര്‍ ജില്ലകളുടെ പ്രവേശന കവാടമായ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലേയ്്ക്കാണ് അധിക വാഹനാപകടങ്ങളും തുടര്‍ ചികില്‍സയ്ക്കായെത്തുന്നത്. ചികില്‍സാ ചിലവുകള്‍ പ്രയാസമാവുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ചിലവില്‍ 24 മണിക്കുര്‍ പ്രവൃത്തിക്കുന്ന ഒരു അത്യാഹിത വിഭാഗം ഒരുക്കാന്‍ ജില്ലാ ആശുപത്രിക്കായിട്ടില്ല.
നിലവില്‍ 68 ലക്ഷം രൂപ ചെലവഴിച്ച് അത്യാഹിത വിഭാഗം നവീകരിച്ചെങ്കിലും ഇതില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. ഒപിയില്‍ ഇരിക്കുന്ന ഏതെങ്കിലും ഒരു ഡോക്ടര്‍ മാത്രമാണിവിടെയുണ്ടാവുക. അതുതന്നെ ഉച്ചവരെ മാത്രം. ദേശീയപാതയിലുള്ള ആശുപത്രികള്‍ക്ക് ട്രോമാകെയര്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടെങ്കിലും പെരിന്തല്‍മണ്ണയില്‍ നടപ്പായിട്ടില്ല. ശസ്ത്രക്രിയയ്്ക്കുശേഷമോ, മറ്റോ രോഗികളെ ചികില്‍സിക്കാനുള്ള ഐസിയു, അതിലേയ്്ക്കാവശ്യമായ ഡോക്ടര്‍മാര്‍ എന്നിവയും ഇവിടെയില്ല.
അപകടമരണങ്ങള്‍ എത്തുന്ന ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഫോറന്‍സിക്ക് സര്‍ജന്റെ അഭാവവും മോര്‍ച്ചറി ടെക്‌നീഷ്യന്‍മാരുടെ കുറവും പ്രയാസപ്പെടുത്തുന്നുണ്ട്. ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനും സൂക്ഷിക്കാനുമുള്ള സൗകര്യം ഇവിടെ ഉണ്ട്. മതാചാരപ്രകാരം മൃതദേഹം ഒരുക്കാനുള്ള സൗകര്യവും ഇവിടുണ്ടെങ്കിലും മെഡിക്കല്‍ റെക്കാര്‍ഡ് സൂക്ഷിപ്പുകാരനില്ലാത്തത് പലപ്പോഴും മരണപ്പെട്ടയാളുടെ വിവരം ലഭ്യമാവുന്നതിനും തുടര്‍ നടപടികള്‍ക്കും പ്രയാസമായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം ആശുപത്രിക്ക് അഭിമുഖമായി തുടങ്ങിയ കെട്ടിടത്തില്‍ ആരംഭിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം പ്രതീക്ഷയേകുന്നതാണ്.    പുതിയ കെട്ടിടത്തില്‍ തിയേറ്റര്‍ കോംപ്ലക്‌സ് തുറന്നിട്ടുണ്ട്. ജില്ലാപഞ്ചായത്ത് അരലക്ഷത്തോളം രൂപ ചെലവഴിച്ച് സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സിസ്റ്റം, ഓപറേഷന്‍ ടേബിളുകള്‍, ഓട്ടോക്ലേവ്, ശീതീകരണ സംവിധാനം, ഡബിള്‍ഡ്യൂം ഓപറേഷന്‍ ലൈറ്റുകള്‍, അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, തുടങ്ങിയവ ഒരുക്കിയാണ് നാല് തിയേറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്.
എന്നാല്‍, ജീവനക്കാരുടെ കുറവ് അവിടെയും വിലങ്ങായിട്ടുണ്ട്. രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന മാതൃശിശു കേന്ദ്രത്തിലും വികസനങ്ങള്‍ക്ക് സാങ്കേതിക കുരുക്ക് തന്നെയാണ്. 40 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍ കെട്ടി മുറ്റം ഇന്റര്‍ലോക്ക് ചെയ്യുന്നതിന് ടെണ്ടര്‍ വിളിച്ച് പ്രവൃത്തി തുടങ്ങിയെങ്കിലും ദേശീയപാതക്കാര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണ്. ദേശീയപാതയ്ക്ക് സമീപം മരം ആശുപത്രിയുടെ മതിലിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്.
ഇത് ലേലം ചെയ്യാന്‍ ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. എന്നാല്‍, മരം മുറിക്കാത്തതിനാല്‍ ചുറ്റുമതില്‍ പണി മുടങ്ങിയിരിക്കുകയാണ്.
എന്‍എച്ചിലെ ഉദ്യോഗസ്ഥ അനാസ്ഥായാണിതിന് കാരണം. എംപി ഫണ്ടിലെ 10 ലക്ഷം രൂപ ചെലവഴിച്ച് ഫാര്‍മസിക്ക് മുന്നില്‍ കാത്തിരുപ്പുകേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. നഗരത്തിലെ സ്വകാര്യ ആശുപത്രികളോട് മല്‍സരിക്കാനുതകുന്ന സൗകര്യങ്ങളാണ് ജില്ലാ ആശുപത്രിയില്‍ ഒരുക്കേണ്ടത്. പകരം ജില്ലാ ആശുപത്രിയിലെത്തി രോഗനിര്‍ണയം നടത്തുന്ന രോഗിയെ സൗകര്യമില്ലെന്ന കാരണത്താല്‍ തുടര്‍ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികളിലേയ്ക്ക് അയക്കുന്ന പ്രവണത തടയപ്പെടേണ്ടതുണ്ട്.
Next Story

RELATED STORIES

Share it