Editorial

പ്രതീക്ഷയുയര്‍ത്തുന്നനിരീക്ഷണങ്ങള്‍

ഭരണഘടനാ സ്ഥാപനമായ സുപ്രിംകോടതിയുടെയും മോദി സര്‍ക്കാര്‍ തന്നെ നിയോഗിച്ച നിയമ കമ്മീഷന്റെയും ഇക്കഴിഞ്ഞ ദിവസങ്ങളിലെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും സംഘപരിവാരത്തിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ഒളിയജണ്ടകള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഭീമ കൊരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നു പ്രമുഖരായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മറ്റു ചിലരുടെ വസതികളില്‍ റെയ്ഡ് നടത്തുകയും ചെയ്ത നടപടിയാണ് സുപ്രിംകോടതിയുടെ വിമര്‍ശനത്തിനു നിദാനമായത്. മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാതെ വീട്ടുതടങ്കലില്‍ വച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു പരമോന്നത കോടതി. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയെന്നത് ഏകാധിപതികളുടെ ഇഷ്ടവിനോദമാണ്. രാജ്യദ്രോഹം, ഭീകരവാദം തുടങ്ങിയ സംജ്ഞകള്‍ ചാര്‍ത്തി ഭരണകൂട വിമര്‍ശകരെ നിശ്ശബ്ദമാക്കാനാണ് ഫാഷിസ്റ്റ് ശൈലി പിന്തുടരുന്ന ഭരണാധികാരികള്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ആദിവാസി സമരങ്ങളെ മാവോവാദ മുദ്ര ചാര്‍ത്തിയും മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രക്ഷോഭങ്ങളെ ഭീകരവാദ ചാപ്പ കുത്തിയും തകര്‍ത്തെറിയുകയെന്നതാണ് ഇന്ത്യയില്‍ ഭരണകൂട ദണ്ഡനരീതി. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയും വലതുപക്ഷ ഹിന്ദുത്വവാദികളുടെ താല്‍പര്യത്തിനനുസരിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. പക്ഷേ, വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. വിമര്‍ശനത്തെ സുരക്ഷാ വാല്‍വെന്നാണ് സുപ്രിംകോടതി വിശേഷിപ്പിച്ചത്. സമാനമായ നിര്‍ദേശങ്ങളാണ് ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ നിയമ കമ്മീഷനും മുന്നോട്ടുവച്ചത്. ഭരണകൂടത്തിനെതിരേ സംസാരിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അക്രമങ്ങളിലൂടെയോ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയോ ഒരു സര്‍ക്കാരിനെ അട്ടിമറിക്കുക, പൊതുസമാധാനം തകര്‍ക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ നടത്തുന്നവയാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനവും വിയോജിപ്പും ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്. അനാവശ്യ നിയന്ത്രണങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും നിയമ കമ്മീഷന്റെ ചര്‍ച്ചാ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഏക സിവില്‍ കോഡ് വാദത്തിനെതിരേയും ശക്തമായ നിലപാടാണ് നിയമ കമ്മീഷന്റേത്. ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ രാജ്യത്തു സമവായമില്ലെന്നും വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുകയാണ് വേണ്ടതെന്നും കമ്മീഷന്‍ അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം, വ്യക്തിനിയമങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാവുകയും ചെയ്യരുത്. വ്യതിരിക്തത അംഗീകരിക്കുന്ന പ്രവണതയാണ് ലോകരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നത്. വര്‍ഗീയ മുന്‍വിധിയോടെയും നിക്ഷിപ്ത താല്‍പര്യങ്ങളോടെയും ഏക സിവില്‍ കോഡിന് അനുരൂപമായ അഭിപ്രായ രൂപീകരണത്തിനു വേണ്ടി മോദി സര്‍ക്കാര്‍ തന്നെ നിയമിച്ച കമ്മീഷന്റേതാണ് ഇത്തരം നിര്‍ദേശങ്ങളെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം നിരീക്ഷണങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച നമ്മുടെ പ്രതീക്ഷകള്‍ക്കു ശക്തി പകരുന്നതാണെന്നതില്‍ സംശയമില്ല.

Next Story

RELATED STORIES

Share it