പ്രതീക്ഷകളേറി; ഉറ്റവര്‍ക്കായി മനമുരുകി പ്രാര്‍ഥിച്ച് തീരദേശം

എച്ച്   സുധീര്‍

തിരുവനന്തപുരം: കലിതുള്ളിയ കടലില്‍നിന്നും നാലുപേര്‍ കൂടി ജീവനോടെ വിഴിഞ്ഞം തീരത്തു തിരിച്ചെത്തിയതോടെ ഉറ്റവര്‍ക്കായുള്ള തീരദേശവാസികളുടെ കാത്തിരിപ്പിന് പ്രതീക്ഷയേറി. ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടിയതോടെ ഉള്‍ക്കടലില്‍ അകപ്പെട്ട വിഴിഞ്ഞം സ്വദേശികളായ ആന്റണി, ബാബു, സഹായം, ജോസ് എന്നിവരാണ് കഴിഞ്ഞ രാത്രി തിരിച്ചെത്തിയത്.
നാലു ദിവസത്തോളം കടലില്‍ അവശരായി കഴിഞ്ഞതിനുശേഷമാണ് ഇവര്‍ നേവിയുടെ സഹായത്തോടെ കരയ്‌ക്കെത്തിയത്. അതേസമയം, വിഴിഞ്ഞത്തു നിന്നും കടലിലേക്ക് പോയ 27 പേര്‍ ഇനിയും തിരികെയെത്താനുണ്ട്. യന്ത്രം ഘടിപ്പിച്ച രണ്ടു വള്ളങ്ങളിലായി 30ന് പുലര്‍ച്ചെ മൂന്നിന് ബാബു, രാജു, സഹായം, സൈറസ് എന്നിവര്‍ ഒരു വള്ളത്തിലും ജോസും ആന്റണിയും രണ്ടാമത്തെ വള്ളത്തിലും കടലിലേക്ക് പോയത്. ഉച്ചയോടെ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു സംഘം.
എന്നാല്‍, 11 മണിയോടെ ശക്തമായ കാറ്റും മഴയും ആരംഭിച്ചു. തലയ്ക്കുമീതെ കൂറ്റന്‍ തിരകള്‍ ആര്‍ത്തലച്ചെത്തിയതോടെ രാജുവും സൈറസും കടലിലേക്ക് വീണു. ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കനത്ത കാറ്റില്‍ ആടിയുലഞ്ഞ് വള്ളത്തിന്റെ നിയന്ത്രണം പോയതോടെ ഇരുവരും കടലിന്റെ ആഴങ്ങളിലേക്ക് പോവുന്നത് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിറമിഴികളോടെ പറയുന്നു. പിന്നീടുള്ള ഓരോ നിമിഷവും ഭീതിയുടെതായിരുന്നു. രാത്രിയില്‍ കാറ്റു ശക്തിപ്രാപിച്ചതോടെ ഏക ആശ്രയമായിരുന്ന വള്ളം മറിഞ്ഞു. മരണം കണ്‍മുന്നിലെത്തിയതോടെ കൈകളില്‍ കയറുകെട്ടി വള്ളത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് തുടര്‍ന്നുള്ള ദിവസം കഴിച്ചുകൂട്ടിയത്.
ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ നാലുദിവസത്തോളം കരഞ്ഞുവിളിച്ച് വള്ളത്തില്‍ പിടിച്ച് കഴിഞ്ഞു. ഈ ദിവസങ്ങളിലും കാറ്റും മഴയും തിരമാലകളും ശക്തമായി തുടര്‍ന്നു. ഇതിനിടെയിലാണ് നേവിയുടെ കപ്പലെത്തി രക്ഷിച്ചത്. കടലില്‍ അകപ്പെട്ട ദിവസങ്ങളില്‍ രാപ്പകല്‍ വിത്യാസമില്ലാതെ ദൈവത്തെ വിളിച്ചതും വീടുകളിലുള്ളവരുടെ പ്രാര്‍ഥനയും മൂലമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന്  രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു.
ഇവരുടെ തിരിച്ചുവരവും ആത്മവിശ്വാസവും തീരദേശവാസികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിഴിഞ്ഞത്തേക്ക് ഇനിയും തിരിച്ചെത്താനുള്ളത് 27 പേരാണ്. പൂന്തുറ തീരം 29 പേര്‍ക്കായി കാത്തിരിക്കുന്നു. വലിയതുറ, ബീമാപ്പള്ളി, പൂവാര്‍, കൊച്ചുവേളി, പൊഴിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഉറ്റവര്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്.  അതേസമയം, കടലിലേക്ക് പോയ മൂന്നു ബോട്ടുകള്‍ സുരക്ഷിതമാണെന്ന് വയര്‍ലസ് സന്ദേശം ലഭിച്ചിട്ടുണ്ട്. ആരതി, അന്ന, ഡയാന എന്നീ ബോട്ടുകളില്‍ നിന്ന് ലക്ഷദ്വീപിലെ ഉദ്യോഗസ്ഥര്‍ക്കാണ് സന്ദേശം ലഭിച്ചത്.
Next Story

RELATED STORIES

Share it