പ്രതി വാടകക്കൊലയാളിയോ? പോലിസിന്റെ അധികസുരക്ഷ വധഭീഷണി മുന്നില്‍ കണ്ടെന്ന് സൂചന

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയ അമീറുല്‍ ഇസ്‌ലാം വാടകക്കൊലയാളിയാണോയെന്നത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ സംശയം ബലപ്പെടുന്നു. പ്രതിക്ക് പോലിസ് ഒരുക്കുന്ന വന്‍ സുരക്ഷ ഇയാള്‍ക്ക് വധഭീഷണിയുള്ളതിനാലെന്നും സൂചന. അമീര്‍ വാടകക്കൊലയാളിയാണോയെന്നത് സംബന്ധിച്ച് പോലിസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പിടിയിലായ അമീറുല്‍ ഇസ്‌ലാമിനെ തൃശൂരില്‍ ചോദ്യംചെയ്ത ശേഷം ആലുവ പോലിസ് ക്ലബ്ബിലേക്ക് കൊണ്ടുവന്നതു മുതല്‍ ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിലെ സെല്ലില്‍ വരെ പ്രതിക്ക് പതിവില്ലാത്ത വിധം പോലിസ് ഒരുക്കുന്ന സുരക്ഷയും ശ്രദ്ധയുമാണ് ഇത്തരത്തിലൊരു സംശയം ബലപ്പെടുത്തുന്നത്.
പ്രതിയെ ഇല്ലാതാക്കാന്‍ ഇയാള്‍ക്കു നേരെ ഏതുസമയവും ഏതുതരത്തിലുമുളള ആക്രമണവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന പോലിസിന്റെ തിരിച്ചറിവും മുന്‍കരുതലുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കോടതിയില്‍ പോലും പ്രതിയെ അധികം സമയം നിര്‍ത്തിയില്ല. ഏകദേശം 20 മിനിറ്റോളം മാത്രം നീണ്ടുനിന്ന കോടതി നടപടികള്‍ക്കു ശേഷം വന്‍ പോലിസ് സന്നാഹത്തോടെ തന്നെയാണ് പ്രതിയെ കാക്കനാട്ടുളള ജയിലില്‍ എത്തിച്ചത്. കൂടുതല്‍ സുരക്ഷിതം എന്നതിന്റെ അടിസ്ഥാനത്തിലാണത്രേ പ്രതിയെ കാക്കനാട്ടേക്ക് മാറ്റിയത്. ജയിലിലെ പ്രത്യേക സെല്ലിലാണ് പ്രതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിസിടിവി കാമറകളും ഇവിടെ സ്ഥാപിച്ചു. ജയിലിനുള്ളില്‍ വച്ചു പോലും ഇയാളെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന പോലിസിന്റെ ആശങ്കയാണ് ഇത്രവലിയ സുരക്ഷയൊരുക്കാന്‍ കാരണമെന്നാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്ത വിവരം എഡിജിപി ബി സന്ധ്യ ജിഷയുടെ മാതാവിനെ നേരിട്ടറയിച്ചിതനുശേഷം മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് മുന്‍വൈരാഗ്യമുണ്ടായിരുന്നോയെന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു. ഇത് പോലിസും അമീറുല്‍ ഇസ്‌ലാമിനെ വാടകക്കൊലയാളിയായി സംശയിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായി ജോലിക്കു പോവുന്ന വ്യക്തിയായിരുന്നില്ല അമീറുല്‍ എന്നും എന്നാല്‍ ഇയാളുടെ കൈയില്‍ ധാരാളം പണമുണ്ടായിരുന്നുവെന്നുമുളള വിവരവും പുറത്തുവരുന്നു. രാത്രികാലങ്ങളില്‍ ഇയാളെ പലപ്പോഴും അപരിചിതനായ ഒരാള്‍ക്കൊപ്പം കാണാറുണ്ടായിരുന്നുവെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
Next Story

RELATED STORIES

Share it