Districts

പ്രതിസന്ധിയൊഴിയാതെ യുഡിഎഫ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിനു പ്രതിസന്ധി ഒഴിയുന്നില്ല. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുകള്‍ ലഭിക്കുകയും ജയിച്ച കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണായകമാവുകയും ചെയ്തതോടെ ഉടലെടുത്ത പ്രതിസന്ധി പുതിയ രൂപത്തിലാണ് ഇപ്പോള്‍ യുഡിഎഫിനു മുന്നിലുള്ളത്.

വിമതന്റെ കാര്യത്തില്‍ കെപിസിസിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാവുകയാണെങ്കില്‍ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ലീഗിനെ അനുനയിപ്പിക്കുകയെന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. മുന്നണി ബന്ധത്തിനു തന്നെ വിള്ളലുണ്ടാക്കുന്ന വിധത്തിലാണ് ലീഗ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയത്. ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം ശ്രമിച്ചെന്നും കുറ്റപ്പെടുത്തിയിരുന്നു. ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ പി കെ രാഗേഷിനെ കൂടെക്കൂട്ടിയുള്ള ഭരണത്തിന് തങ്ങളുടെ പിന്തുണയുണ്ടാവില്ലെന്നും അറിയിച്ചിരുന്നു. ഇതാണ് ജില്ലാ യുഡിഎഫ് നേതൃത്വത്തിനു പുതിയ തലവേദനയുണ്ടാക്കിയിരിക്കുന്നത്.
രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തില്‍ വിമതരെക്കുറിച്ച് നിലപാടെടുക്കും. ഇതോടെ കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് ഭരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കു പരിഹാരമാവുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. അതേസമയം, പി കെ രാഗേഷിനെ എല്‍ഡിഎഫും സമീപിക്കുന്നുണ്ട്. സുധാകരന്‍ വിരുദ്ധരായ നേതാക്കളുമായി ബന്ധപ്പെട്ട് ഭരണം പിടിക്കാനായാല്‍ കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ മറ്റൊരു പൊട്ടിത്തെറിക്കു കാരണമാവുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.
എന്നാല്‍, കോണ്‍ഗ്രസ് പാരമ്പര്യമുള്ള വിമതന്‍ പി കെ രാഗേഷ് യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള സാധ്യതകള്‍ക്കൊപ്പം പാര്‍ട്ടിയെ രക്ഷിക്കാനുള്ള ഉടമ്പടികളും മുന്നോട്ടുവച്ചിരിക്കുകയാണ്.
നേരത്തേ ഒന്നിച്ചുനിന്ന് സിപിഎമ്മിനെതിരേ വിജയങ്ങള്‍ കൈവരിച്ച കെ സുധാകരനും പി കെ രാഗേഷും കുറച്ചുകാലമായി രണ്ടുവഴിക്കായതോടെയാണ് പ്രശ്‌നം സങ്കീര്‍ണമാവുന്നത്. ലീഗിന്റെ ആവശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി രാഗേഷിനെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ണായക സമയത്ത് എ ഗ്രൂപ്പിന്റെ പിന്തുണയോടെയും ഒടുവില്‍ വിമതനായി ജയിച്ചുമാണ് രാഗേഷ് തിരിച്ചടി നല്‍കിയത്. എന്നാല്‍, ഇടതുമുന്നണി അവസാനവാക്ക് മാത്രമാണെന്ന് ആണയിടുന്ന പി കെ രാഗേഷിനെ കെപിസിസി തിരിച്ചെടുത്താല്‍ മാത്രമാണ് യുഡിഎഫിനു ഭരിക്കാനാവുക. പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നു പ്രതീക്ഷിക്കു മ്പോഴാണ് പുതിയ പ്രതിസന്ധിയുണ്ടാക്കി മുസ്‌ലിംലീഗ് എത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it