പ്രതിസന്ധിയിലായ ഒരു 'വധശ്രമം'

റെനി  ഐലിന്‍
ഡിസംബര്‍ 18, 2002ല്‍ പോട്ട കോടതിയില്‍ നിന്നു വധശിക്ഷാവിധി കേട്ടശേഷം തികഞ്ഞ രാഷ്ട്രീയവ്യക്തതയോടെ ഗിലാനി പറഞ്ഞു: ''നിരപരാധികളെ ശിക്ഷിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് വികാരങ്ങളെ അടിച്ചിരുത്താനാവില്ല. നീതി നടപ്പായാലേ സമാധാനമുണ്ടാവൂ. ജനങ്ങള്‍ക്ക് നീതി നല്‍കുകയെന്നത് ഒരു ജനാധിപത്യ മൂല്യമാണ്. ഇന്ത്യന്‍ ജനാധിപത്യമാണ് ഇന്നു ഭീഷണിയില്‍.''
2001 ഡിസംബര്‍ 13ന് ദുരൂഹമായ രീതിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടു. പിറ്റേന്ന് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പ്രഫ. എസ് എ ആര്‍ ഗിലാനിയെ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുന്നു. മനുഷ്യത്വരഹിതമായ നീണ്ട പീഡനങ്ങള്‍ക്കുശേഷം 'തൂക്ക് ജഡ്ജി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജസ്റ്റിസ് ധിന്‍ഗ്ര, പോട്ട കോടതിയില്‍ ഗിലാനിയെ തൂക്കാന്‍ വിധിച്ചപ്പോഴുള്ള പ്രതികരണമാണു മുകളില്‍ കൊടുത്തത്. മേല്‍ക്കോടതി പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ശേഷം ഡല്‍ഹി പോലിസ് അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചത് മറ്റൊരു ചരിത്രം. സത്യത്തില്‍ അന്നാദ്യമായാണ് റോണ വില്‍സന്‍ എന്ന മലയാളി വാര്‍ത്തകളില്‍ വരുന്നത്. ഗിലാനിയെ വകവരുത്താന്‍ ശ്രമിച്ച പോലിസ്, അന്വേഷണമെന്ന പ്രഹസനത്തിന്റെ പേരില്‍ റോണയെ പലതവണ കസ്റ്റഡിയിലെടുത്തിരുന്നു. അതിന്റെ പേരില്‍ ധാരാളം പീഡനങ്ങള്‍ ആ മനുഷ്യന് ഏല്‍ക്കേണ്ടിവന്നു. ഗിലാനിയുടെ വിമോചനത്തിനായുള്ള ഡിഫന്‍സ് കമ്മിറ്റിയുടെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. സ്വാഭാവികമായും അത്തരമൊരു മനുഷ്യനെ ഭരണകൂടം പിന്തുടര്‍ന്ന് വേട്ടയാടുക സ്വാഭാവികം.
ഇക്കഴിഞ്ഞ ജൂണ്‍ 9നാണ് പൂനെ പോലിസ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച ഒരു കഥയുമായി എഴുന്നള്ളുന്നത്. പ്രതിരോധവിദഗ്ധന്‍മാര്‍ പറയുന്നത് രാജ്യം ആയുധശക്തിയില്‍ ലോകത്തിലെ ആദ്യ പത്തിനിടയിലും ഏഷ്യയിലെ മേഖലാശക്തിയുമാണെന്നാണ്. അതുപോലൊരു രാജ്യത്തിന്റെ തലവനെ പ്രഫസറും കവിയും പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമെല്ലാം അടങ്ങുന്ന അഞ്ചംഗസംഘം വധിക്കാന്‍ ഇ-മെയിലിലൂടെ ഗൂഢാലോചന നടത്തി എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കണമെങ്കില്‍ ലോകത്തിലെ എല്ലാവരും ആര്‍എസ്എസായി പരിണമിക്കണം.
മോദി അധികാരത്തിലേറിയശേഷം വര്‍ധിച്ചുവരുന്നതും ഇപ്പോഴും തുടരുന്നതുമായ നിരവധി അതിക്രമങ്ങളിലൊന്നാണ് ദലിത് ജനതയ്ക്കു നേരെയുള്ളത്. കഴിഞ്ഞ നാലുകൊല്ലത്തെ ഭീകരമായ സവര്‍ണ ഫാഷിസ്റ്റ് ആക്രമണങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട ദലിത് ജനത മുമ്പെങ്ങുമില്ലാത്തവിധം സംഘടനാബോധമുള്ളവരും ജനാധിപത്യ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തവരാണ് എന്നതാണ് ഏറ്റവും ശുഭകരമായ വസ്തുത. ജിഗ്‌നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പു വിജയം തുടങ്ങി ഭീം ആര്‍മി മുതല്‍ ഭീമ കൊറേഗാവ് വരെയുള്ള സംഭവങ്ങളില്‍ ഉത്തരേന്ത്യയില്‍ ദലിത് ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് സുവ്യക്തമാണ്. വികസനത്തിന്റെ വ്യാജവാര്‍ത്തകള്‍ തകര്‍ന്നടിഞ്ഞതും മറ്റൊരു കാരണമാണ്. മേല്‍പ്പറഞ്ഞ രാഷ്ട്രീയസാഹചര്യത്തിലാണ് വധശ്രമം അഥവാ ഗൂഢാലോചന രംഗപ്രവേശം ചെയ്യുന്നത്. മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലും മോദിയില്‍ 'അസൂയപൂണ്ട്' കൊലപ്പെടുത്താന്‍ പലരും വന്നിരുന്നു. അങ്ങനെയാണ് സുഹ്‌റബുദ്ദീന്‍ ശെയ്ഖ് മുതല്‍ ഇശ്‌റത് ജഹാന്‍ വരെയുള്ള നിരപരാധികള്‍ തെരുവില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. പഴയ കാര്‍ഡ് മോദിയും സംഘവും വീണ്ടുമെടുത്ത് വീശിയെങ്കിലും അത്രയങ്ങ് ഏശിയില്ല എന്നതാണു സത്യം.
2011ല്‍ ഏകദേശം മൂന്നുവര്‍ഷവും നാലുമാസവും യുഎപിഎ പ്രകാരം ജയിലില്‍ കഴിഞ്ഞയാളാണ് ദലിത് ആക്റ്റിവിസ്റ്റ് ആയ സുധീര്‍ ധവാലെ. അന്ന് അദ്ദേഹത്തിന്റെ മോചനത്തിനായി രാജ്യവ്യാപകമായി വിവിധ സംഘടനകള്‍ നടത്തിയ പ്രചാരണപരിപാടിയില്‍ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി മുന്നിലുണ്ടായിരുന്നു. 'വിദ്രോഹി' എന്ന ദലിത് മാസികയുടെ എഡിറ്ററാണ് അദ്ദേഹം. പൂനെയില്‍ ഹിന്ദുരാഷ്ട്രസേന നടത്തിയ ന്യൂനപക്ഷ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പോയ എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണസംഘത്തോടൊപ്പം സുധീര്‍ ധവാലെയും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി പാളയത്തിനുള്ളില്‍നിന്ന് ദലിത്-ന്യൂനപക്ഷ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ധൈര്യപൂര്‍വം പോരാടുന്ന സുധീറിനെ ഒരു വധശ്രമക്കഥയുണ്ടാക്കി അകത്താക്കിയതിന്റെ കാരണം അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാന്തേഴ്‌സിന്റെ വിട്ടുവീഴ്ചയില്ലാത്ത ഫാഷിസത്തിനെതിരേയുള്ള നിലപാടാണ്.
നാഗ്പൂരിലെ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ സുരേന്ദ്ര ഗര്‍ലിങ് മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ്. സമീപകാലത്ത് ഗഡ്ചിറോളിയില്‍ നടന്ന കൂട്ടക്കൊല മുതല്‍ കശ്മീരിലെ പട്ടാളത്തിന്റെ ക്രൂരതകള്‍ വരെയുള്ള നടപടികള്‍ക്കെതിരായ ഇടപെടലുകളില്‍ സജീവ സാന്നിധ്യമായിരുന്നു. ആക്റ്റിവിസ്റ്റായ അഡ്വ. അരുണ്‍ ഫെരേര മാവോവാദി എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി കോടതിക്കകത്തും പുറത്തും പോരാടിയ ആളാണ് ഇദ്ദേഹം. ഡോ. ജി എന്‍ സായിബാബയുടെ കേസിനു വേണ്ടിയും ഹാജരായത് അദ്ദേഹമാണ്. ഭരണകൂടം ഭീകരരെന്ന് മുദ്രകുത്തുന്നവരുടെയും ഒപ്പം പോലിസും പട്ടാളവും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവരാന്‍ നീതിയുടെ പോരാട്ടം നടത്തുന്ന ഒരു അഭിഭാഷകന്‍ ഇപ്പോഴും തടവറയില്‍ ജീവനോടെയിരിക്കുന്നത് ഒരു അദ്ഭുതം തന്നെയാണ്. സുരേന്ദ്ര ഗര്‍ലിങ് ജീവിക്കുന്ന മഹാരാഷ്ട്രയില്‍ തന്നെയാണ് അഡ്വ. ഷാഹിദ് അസ്മിയെ സ്വന്തം ഓഫിസിനകത്തിട്ട് വെടിവച്ചുകൊന്നതെന്നത് മറക്കരുത്. ജി എന്‍ സായിബാബയുടെ കേസ് ഏറ്റെടുത്തപ്പോള്‍ തന്നെ അഡ്വ. സുരേന്ദ്രയെ നാഗ്പൂരിലെ ഡിഐജി രവീന്ദ്ര കദം ''അടുത്തത് നീയാണ്'' എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലിസാവട്ടെ പൂനെ പോലിസിന്റെ കത്ത് ഉണ്ടെന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറന്റ് ഇല്ലായിരുന്നു. അദ്ദേഹത്തെ അഭിഭാഷകരെപ്പോലും കാണാന്‍ അനുവദിക്കാതെ ഒരുദിവസത്തിനുശേഷം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. ഒരു പ്രതിക്ക് കിട്ടേണ്ട യാതൊരു നീതിയും പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകന് ലഭിച്ചില്ല എന്നത് രാജ്യത്തെ നീതിന്യായവ്യവസ്ഥ എത്രമാത്രം അപകടത്തിലാണെന്നു കാണിച്ചുതരുന്നു.
കെട്ടിച്ചമയ്ക്കപ്പെട്ട ഈ കേസിലെ മറ്റൊരു പ്രതിയാണ് മഹേഷ് റൗത്ത്. അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എന്‍ജിഒ പ്രവര്‍ത്തകനാണ്. പ്രധാനമന്ത്രിയുടെ റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ദലിത്-ആദിവാസി ജനതയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പ്രവര്‍ത്തകനാണ് മഹേഷ്. ഗ്രാമസഭകളെ ശക്തിപ്പെടുത്താനും വനാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമാണ് അദ്ദേഹം ഏറെ ശ്രദ്ധിച്ചത്. കോര്‍പറേറ്റുകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് ഖനനമേഖലകളില്‍ നടക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ പോരാട്ടമാണ്. ഗഡ്ചിറോളിയിലെ ഖനനപദ്ധതിക്കെതിരേയുള്ള സമരത്തിനായി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്ന റൗത്തിനെ ജയിലിലടയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് ഒരു രാവില്‍ ഉദിച്ചതല്ല, കൃത്യമായ ഗൂഢാലോചനയാണ്.
മലയാളിയായ റോണ വില്‍സന്‍, കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് എന്ന സംഘടനയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസറാണ്. ഉത്തരേന്ത്യയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന മാവോവാദികള്‍ എന്ന് മുദ്രയടിക്കപ്പെട്ടവരുടെ മാത്രമല്ല, ഭീകരര്‍ എന്ന പേരില്‍ തടവിലാക്കിയ കശ്മീരികള്‍ ഉള്‍പ്പെടുന്ന വലിയൊരുവിഭാഗത്തിന്റെയും വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ പ്രധാനപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍, അദ്ദേഹം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകളുടെ ഗതി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭീമ കൊറേഗാവ് അനുസ്മരണ പരിപാടിയില്‍ വിദൂരബന്ധംപോലും ഇല്ലാത്ത വ്യക്തിയാണ് റോണ.
'വധശ്രമം' എന്ന പൂനെ പോലിസിന്റെ കോമാളിക്കഥയിലെ ഏക സ്ത്രീകഥാപാത്രമാണ് പ്രഫ. ഷോമാ സെന്‍. അധ്യാപനജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രോഗങ്ങള്‍ പലതുമുള്ള ആ സ്ത്രീയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 1970കള്‍ മുതല്‍ തന്നെ ഷോമ ഇടതുപക്ഷാഭിമുഖ്യം പ്രകടിപ്പിച്ച ഒരു വ്യക്തിയായിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകയായ മകള്‍ കോയല്‍സെന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു അക്കാദമിക് എന്ന നിലയില്‍ മാവോവാദത്തെ പഠനവിഷയമാക്കുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്ന് മകള്‍ കൂട്ടിച്ചേര്‍ത്തു. പോലിസാവട്ടെ മാവോവാദി ബന്ധത്തിന് തെളിവു പറയുന്നത് അവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഇടതുപക്ഷ സാഹിത്യങ്ങളാണ്. മുമ്പ് പലതവണ ഷോമയുടെ ഭര്‍ത്താവ് തുഷാര്‍ കാന്തി ഭട്ടാചാര്യയെ മാവോവാദിയാണെന്ന പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.                                    ി

(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it