malappuram local

പ്രതിഷ്ഠാ ദിനാഘോഷത്തില്‍ സമൂഹനോമ്പുതുറ ഒരുക്കി ക്ഷേത്രക്കമ്മിറ്റി

പുത്തനത്താണി: ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കലഹിക്കുന്ന വര്‍ത്തമാന കാലത്ത് ഒരു ക്ഷേത്ര കമ്മിറ്റി നടത്തിയ സമൂഹനോമ്പുതുറ മലപ്പുറത്തിന്റെ മതസൗഹാര്‍ദം വിളിച്ചോതുന്നതായി. പുന്നത്തല ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോല്‍സവത്തിന്റെ ഭാഗമായാണ്  മതസൗഹാര്‍ദ നോമ്പുതുറ ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് ക്ഷേത്ര കമ്മിറ്റി വിശ്വാസികള്‍ക്കായി സമൂഹ നോമ്പ് തുറ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നത്.
ഇതിന് പ്രദേശത്തെ മുസ് ലിംകളും സാമ്പത്തികമായി സഹായിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷ്ഠാദിനം റമദാനിലായതോടെയാണ് മുസ്‌ലിം സഹോദരങ്ങള്‍ക്കായി അന്ന് നോമ്പുതുറ സംഘടിപ്പിച്ചത്. ഈ വര്‍ഷവും പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായി സമൂഹ നോമ്പ്തുറ തുടരുകയായിരുന്നു. സമൂഹ നോമ്പുതുറക്കായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍  നാട്ടുകാരെയും കൂട്ടി പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ക്ഷേത്ര വളപ്പിലെ അസൗകര്യം മൂലം തൊട്ടടുത്ത്  തന്നെയുള്ള പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായ അരീക്കാടന്‍ മമ്മുവിന്റെ വീട്ടുവളപ്പിലാണ് നോമ്പ് തുറ ഒരുക്കിയത്. പ്രദേശത്തുകാരായ ഹിന്ദു മുസ്‌ലിം സഹോദരങ്ങള്‍ ഒന്നിച്ച്  പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ നാനൂറോളം പേര്‍  ഇഫ്താറിനെത്തി.
ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ടി ബാബു, സെക്രട്ടറി പി ടി മോഹനന്‍, കെ പി ബൈജു, സി ഉണ്ണികൃഷ്ണന്‍, സി മായാണ്ടി, കെ പി വിശ്വനാഥന്‍, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ അരീക്കാടന്‍ മമ്മു, കെ പി അബൂബക്കര്‍ മുസ്‌ല്യാര്‍, കെ പി കരീം, ടി കെ ഉണ്ണി ഹാജി, സലീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it