പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; തൃശൂരില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍

തൃശൂര്‍: കടയടപ്പു സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ തൃശൂര്‍ പൂത്തോള്‍ വാണിജ്യ നികുതി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാണിജ്യ നികുതി റെയ്ഡിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും ആഭിമുഖ്യത്തില്‍ ഇന്നലെ കടകളടച്ച് സമരം നടത്തിയത്.
വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയ വ്യാപാരികളില്‍ ചിലര്‍ പിറകുവശത്തെ ഗേറ്റിലൂടെ ഓഫിസ് കോംപൗണ്ടിലേക്ക് കയറി ഓഫിസിനും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. ഓഫിസിന്റെ മുന്‍വശത്തെ ഗേറ്റില്‍ മാത്രമാണ് ഈ സമയം പോലിസുണ്ടായിരുന്നത്. പുറകുവശത്തു കൂടി അകത്തു കടന്ന പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് കൂടുതല്‍ പോലിസെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. കല്ലേറില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ കാറിന്റെ ചില്ലും തകര്‍ന്നു. വകുപ്പിന്റെ 2 ജീപ്പുകള്‍ക്കും കേടുപാടുണ്ടായി. വ്യാപാരികളുടെ പ്രകടനമായതിനാല്‍ സ്ഥലത്ത് പോലിസ് കുറവായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി സംഘര്‍ഷം ഉണ്ടായതോടെ തൃശൂര്‍ വെസ്റ്റ് പോലിസിനെ കൂടാതെ മറ്റു സ്‌റ്റേഷനുകളില്‍ നിന്നു നൂറുകണക്കിന് പോലിസ് സ്ഥലത്തെത്തി. ലാത്തിയടിയേറ്റ് നിരവധി സമരക്കാര്‍ക്കും പരിക്കേറ്റു. അതേസമയം വ്യാപാരികളെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നും തൃശൂര്‍ ജില്ലയില്‍ കടകളടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയും അറിയിച്ചു.
Next Story

RELATED STORIES

Share it