Pathanamthitta local

പ്രതിഷേധവുമായി നാട്ടുകാര്‍; രംഗത്ത് തടിയുരുളിപ്പാറയിലെ ക്വാറിയുടെ വിസ്തൃതികൂട്ടാന്‍ നീക്കം

പത്തനംതിട്ട: കോട്ടയത്തിനു സമീപം തടിയുരുളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയുടെ വിസ്തൃതി കൂട്ടാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്. പാറമടയുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള അനുമതി നേടിയെടുത്ത ക്വാറിയുടമ പരിസരപ്രദേശത്തെ മേല്‍മണ്ണ് നീക്കം ചെയ്ത് തുടങ്ങിയതോടെയാണ് പരസ്യ പ്രതിഷേധവുമായി ജനങ്ങള്‍ സംഘടിച്ചിരിക്കുന്നത്. അവശേഷിക്കുന്ന പ്രദേശത്തെ കുന്നുകൂടി ഇടിച്ച് പാറമടയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ അങ്ങാടിക്കല്‍, വള്ളിക്കോട്, വി കോട്ടയം പ്രദേശങ്ങങ്ങള്‍ മരുഭൂമിയായി മാറുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നത്തില്‍ ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെടണമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഗ്രാമരക്ഷാ സമിതി ആവശ്യപ്പെട്ടു.
മുമ്പ് ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരേ സമരം ചെയ്തപ്പോള്‍ പ്രദേശത്ത് പരിസ്ഥിതി പഠനം നടത്താന്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ല. പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന വേങ്ങവിള ചൂതുപാറ ജല സംഭരണിക്ക് സമീപമാണ് ഇപ്പോള്‍ പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഈ പ്രദേശം വില്ലേജ് ഓഫിസര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണോ അനുമതി നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. കൃഷിഭൂമി പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ഭൂനിയമങ്ങള്‍ക്ക് വിരുധമാണ്. മേല്‍മണ്ണ് നീക്കുന്നതോടെ മഴ വെള്ളം താഴാനുള്ള അവസരം ഇല്ലാതാകും.
വെള്ളം കുത്തിയൊഴുകി പ്രളയം ഉണ്ടായേക്കാം. 1991ല്‍ ഇവിടെ ഉരുള്‍ പൊട്ടി രണ്ടുപേര്‍ മരിച്ചിരുന്നു. ഇനിയും നാട്ടുകാരെ കൊലയ്ക്ക് കൊടുക്കാന്‍ പറ്റില്ലെന്നും ഗ്രാമരക്ഷാ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
പാറമടയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയിലേക്ക് ഗ്രാമരക്ഷാ യാത്ര നടത്തിയ ഗ്രാമരക്ഷാസമിതി പ്രവര്‍ത്തകര്‍ കലക്ടര്‍ക്ക് കത്തയച്ചു. പ്രദേശത്ത് പരിസ്ഥിതി പഠനം നടത്തുമെന്ന കലക്ടറുടെ ഉറപ്പ് ഓര്‍മിപ്പിക്കാനാണ് കത്തെഴുതിയത്.
Next Story

RELATED STORIES

Share it