പ്രതിഷേധത്തിനെതിരേ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരേ ഒരുവിഭാഗം വിശ്വാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരേ അതിരൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കെതിരേയും വൈദികര്‍ക്കെതിരേയും സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന അപവാദ പ്രചാരണങ്ങളിലും വ്യക്തിഹത്യയിലും പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സഭ നിരന്തരം നവീകരണത്തിന്റെ പാതയിലാണെന്നും എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. സെക്രട്ടറി പി പി ജരാര്‍ദ്ദ് റിപോര്‍ട്ട് അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഡോ. ജോസ് ഇടശ്ശേരി, സെമിച്ചന്‍ ജോസഫ്, ജിയോ ബേബി മഴുവഞ്ചേരി എന്നിവരെ യോഗം തിരഞ്ഞെടുത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം, ജുഡീഷ്യല്‍ വികാരി ഫാ. ബര്‍ക്കുമന്‍സ് കോടയ്ക്കല്‍, ജോയിന്റ് സെക്രട്ടറി മിനി പോള്‍, സിസ്റ്റര്‍ യൂക്കരിസ്റ്റ് സംസാരിച്ചു.
Next Story

RELATED STORIES

Share it