thiruvananthapuram local

പ്രതിഷേധക്കാര്‍ കഴക്കൂട്ടം ദേശീയപാത ഉപരോധിച്ചു

കഴക്കൂട്ടം: തുമ്പയില്‍ നിന്നും കാണാതായ  നാല് മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ മല്‍സ്യത്തൊഴിലാളികള്‍ കഴക്കൂട്ടം ദേശീയപാതയും ബൈപാസും ഇടറോഡുകളും ഒരു പകല്‍ മുഴുവനും ഉപരോധിച്ചു. എഞ്ചിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളങ്ങളില്‍  തുമ്പ സ്വദേശികളായ കുട്ടപ്പന്‍(45), ജോസ്(50) ആന്റണി(46) തോമസ്(56) എന്നിവര്‍ തുമ്പയില്‍ നിന്നും ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് മല്‍സ്യ ബന്ധനത്തിന് പോയത്. ഇതിനുശേഷമാണ് ശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവുമുണ്ടായത്.
ഇതോടെ വീട്ടുകാരും ബന്ധുക്കളും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും  വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരള തീരത്ത് നിന്നും  മത്സ്യബന്ധനത്തിനുപോയ 400ഓളം പേരെ എയര്‍ഫോഴ്‌സിന്റെയും നേവിയുടെയും സഹകരണത്തോടെ കരയ്‌ക്കെത്തിച്ചെങ്കിലും അതില്‍ തുമ്പക്കാര്‍ ആരുമില്ലാതെ വന്നപ്പോഴാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കൂടുതല്‍ ആശങ്കയിലായത്.
കാണാതായ അന്ന് വൈകിട്ട് തന്നെ നാട്ടുകാര്‍ തീരദേശ റോഡ് ഉപരോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ അധികാരികളുടെ ശ്രദ്ധ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്  സ്ത്രീകളടക്കമുള്ള നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെ പത്തോടെ ദേശീയപാത ഉപരോധവുമായി രംഗത്തെത്തിയത്. തുമ്പ, ആറാട്ടുവഴി, മാധവപുരം, രാജീവ് ഗാന്ധി ജങ്ഷന്‍, കഴക്കൂട്ടം ദേശീയപാതയും ബൈപാസുമാണ് സമരക്കാര്‍ ഉപരോധിച്ചത്.
ഉച്ചയോടെ  ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സംഭവസ്ഥലത്തെത്തി സമരക്കാരുമായി നടുറോഡില്‍ നിന്ന് ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.  കടലില്‍ അകപ്പെട്ടവരെ ജീവനോടെ കൊണ്ടുവരാതെ ഞങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. ദേശീയപാതയും ബൈപാസും കല്ലുകളും തടിക്കഷണങ്ങളും നിരത്തി  റോഡുകള്‍ അടച്ചതോടെ ആംബുലന്‍സുകളടക്കം പത്തുകിലോമീറ്റര്‍ അപ്പുറം വച്ച് വഴിതിരച്ച് വിടേണ്ടിവന്നു. ഇതിനിടയില്‍ ചില വാഹനങ്ങള്‍ കഴക്കൂട്ടം കടക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയപ്പോള്‍ പോലിസ് തിരിച്ചുവിട്ടു.
ഉച്ചയോടെ സമരക്കാര്‍ ദേശീയപാതയുടെ മധ്യത്ത് അടുപ്പ് കൂട്ടി കഞ്ഞിവച്ച് വിതരണവും നടത്തി. വൈകിട്ട് ആറരയോടെ ജില്ലാ കലക്ടര്‍ ഡോ.  കെ വാസുകി സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നേവിയും എയര്‍ഫോഴ്‌സും കോസ്റ്റ്ഗാര്‍ഡും സംയുക്തമായുള തിരച്ചില്‍ കടലില്‍ പുരോഗമിക്കുന്നുണ്ടെന്നും അതാത് സമയങ്ങളിലുള്ള വിവരങ്ങള്‍ അറിയുവാന്‍ തുമ്പ സ്റ്റേഷനില്‍ ഉടന്‍ തന്നെ കന്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കുമെന്നും അറിയിച്ചതോടെ സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it