പ്രതിഷേധക്കടലായി പോപുലര്‍ ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച്

പ്രതിഷേധക്കടലായി പോപുലര്‍ ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ച്
X
POPULAR FRONT_MARCH 6

തിരുവനന്തപുരം: യുഎപിഎ ഭീകരനിയമം പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ 10ന് ഗാന്ധിപാര്‍ക്കില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം ആരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുമ്പില്‍ പോലിസ് തടഞ്ഞു. സംസ്ഥാന, ജില്ലാ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. ഇവരെ പിന്നീട് വിട്ടു.
പൗരന്‍മാര്‍ക്ക് നിഷേധിക്കുന്ന സ്വാതന്ത്ര്യെത്തപ്പറ്റി പറയുമ്പോള്‍ രാജ്യദ്രോഹമാവുമെങ്കില്‍ അതില്‍ യാതൊരു വിഷമവുമില്ലെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് യുഎപിഎ ദേശീയ വൈസ് ചെയര്‍മാന്‍ ഇ അബൂബക്കര്‍ വ്യക്തമാക്കി. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും ഭീകരമായ നിയമമാണ് യുഎപിഎ. ഭരണകൂടം തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനായി ഓരോ കാലത്തും ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് ഭരണകൂടത്തിനെതിരേ സംസാരിച്ചതിന് അന്ന് ഗാന്ധിജിയും നെഹ്‌റുവും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായി. ബ്രിട്ടിഷുകാര്‍ പോയപ്പോള്‍ ആ ദൗത്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിന്റെ ആദ്യ ഇരകള്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു. എന്നാല്‍, പിന്നീട് യുഎപിഎയുടെ വക്താക്കളും പ്രയോക്താക്കളും ഇപ്പോള്‍ ഗുണഭോക്താക്കളുമായി മാറി കമ്മ്യൂണിസ്റ്റുകള്‍. കേരളത്തില്‍ യുഎപിഎ കൊണ്ടുവന്ന കമ്മ്യൂണിസ്റ്റുകളുടെ മുതിര്‍ന്ന നേതാക്കളെ തന്നെ ഇന്ന് ആ നിയമം തിരിഞ്ഞുകുത്തുകയാണ്. യുഎപിഎ ചുമത്തി ജയിലിലിട്ട് പിന്നീട് നിരപരാധിയെന്നു കണ്ട് വിട്ടയക്കപ്പെട്ടവര്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
യുഎപിഎയെ നഖശിഖാന്തം എതിര്‍ക്കേണ്ട സാഹചര്യത്തിലാണു നാമുള്ളതെന്നു ചടങ്ങില്‍ സംസാരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. ജനാധിപത്യവിശ്വാസങ്ങളെ എതിര്‍ക്കുന്ന നിയമം എന്ന നിലയ്ക്ക് അത് എന്നും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍മന്ത്രി നീലലോഹിതദാസന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി കെ എച്ച് നാസര്‍, എ എസ് അജിത്കുമാര്‍, എ കെ സ്വലാഹുദ്ദീന്‍, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, ബി നൗഷാദ്, ഫത്തഹുദ്ദീന്‍ റഷാദി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, സി എ റഊഫ്, സൈദ് മുഹമ്മദ്, അഡ്വ. താജുദ്ദീന്‍ സംസാരിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ ഏരിയാ തലങ്ങളില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it