പ്രതിഷേധം ശക്തമാവുന്നു; ആവാസവ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: അഗസ്ത്യമലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരംഭിക്കാന്‍ പദ്ധതിയിടുന്ന ബയോമെഡിക്കല്‍ മാലിന്യ പ്ലാ ന്റിനെതിരേ പ്രതിഷേധം ശക്തമായി. പെരിങ്ങമ്മല പഞ്ചായത്തിലെ ഓടുചുട്ടപടുക്കയ്ക്കു സമീപം വനത്തിനുള്ളില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്ന പ്ലാന്റിനെതിരേ സ്ഥലവാസികള്‍ ഇന്നലെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ നടപടികളിലേക്കു കടന്നു. പ്ലാന്റിനുള്ള അനുമതികള്‍ ഐഎംഎ നേടുന്നു എന്ന തേജസ്’വാര്‍ത്തയാണ് ജനകീയ പ്രക്ഷോഭത്തിന് കളമൊരുക്കിയത്. അതീവ പരിസ്ഥിതിലോല മേഖലയായ വനത്തില്‍ നീരുറവകള്‍ ആരംഭിക്കുന്ന ഏഴരയേക്കര്‍ സ്ഥലമാണ് പ്ലാന്റിനായി ഐഎംഎ വാങ്ങിയത്. ഇതില്‍ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ആശുപത്രിയില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്കായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെ വാങ്ങിയെന്ന തരത്തിലാണ് ഐഎംഎ പ്രചാരണം. എന്നാല്‍, സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയായ പഞ്ചായത്തിന്റെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബിഎംസി) പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അണ്ണാമലൈ യൂനിവേഴ്‌സിറ്റി നടത്തിയ പരിസ്ഥിതി ആഘാതപഠന റിപോര്‍ട്ടാണ് ഐഎംഎ അനുമതിക്കായി ചൂണ്ടിക്കാണിക്കുന്നത്. അത്തരമൊരു പഠനം നടത്തിയ കാര്യം പെരിങ്ങമ്മല പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്ന് ബിഎംസി കോ-ഓഡിനേറ്റര്‍ ഡോ. കമറുദ്ദീന്‍ കുഞ്ഞ് തേജസിനോടു പറഞ്ഞു. അവര്‍ നല്‍കിയ പഠന റിപോര്‍ട്ട് വ്യാജമാണ്. ജനവാസമോ നീരുറവയോ പദ്ധതിപ്രദേശത്ത് ഇല്ലെന്നു സമര്‍ഥിക്കുന്നതാണ് റിപോര്‍ട്ട്. എന്നാല്‍, ജൈവകലവറയെന്ന് ലോകപൈതൃകപട്ടികയില്‍പോലും ഇടംപിടിച്ച പെരിങ്ങമ്മല പഞ്ചായത്തിലെ ഈ പ്രദേശത്തിന് 200 മീറ്റര്‍ അടുത്തുതന്നെ അഞ്ച് ആദിവാസി സെറ്റില്‍മെ ന്റുകളുണ്ടെന്നും ഡോ. കമറുദ്ദീന്‍ വ്യക്തമാക്കി. ജൈവ വൈവിധ്യ പരിപാലനത്തിന് യുഎന്‍ അംഗീകാരം ലഭിച്ച അഗസ്ത്യമലയുടെ അതീവ പരിസ്ഥിതിലോല മേഖല കൂടിയാണിത്. മാക്കാച്ചിക്കാട’എന്ന പക്ഷി അടക്കം വംശനാശ ഭീഷണി നേരിടുന്ന 20 ശതമാനം വ്യത്യസ്ത പക്ഷികളുടെ സങ്കേതമാണ് ഐഎംഎ പ്ലാന്റിനായി തിരഞ്ഞെടുത്ത സ്ഥലം. തിരുവനന്തപുരം ജില്ലയിലെ ആദ്യ പക്ഷിസങ്കേതമാവാന്‍ തയ്യാറെടുക്കുന്ന അരിപ്പയ്ക്ക് തൊട്ടടുത്താണിത്. ഇതിനുപുറമെ വ്യത്യസ്തമായ ആറു കാട്ടുജാതിക്ക മരങ്ങളുടെ ശുദ്ധജല ചതുപ്പ്്, വരയാടുകളുടെ കേന്ദ്രം, വ്യത്യസ്തമായ കാട്ട് ഓര്‍ക്കിഡ് ചെടികളുടെ ശേഖരം, ആനകളുടെ സ്വാഭാവിക പ്രജനനകേന്ദ്രം എന്നിങ്ങനെ നിരവധി ജൈവ വൈവിധ്യങ്ങളുടെ കേന്ദ്രമാണ് പദ്ധതി പ്രദേശമെന്ന് പരിസ്ഥിതി വിദഗ്ധന്‍ കൂടിയായ ഡോ. കമറുദ്ദീന്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ പദ്ധതി നടപ്പാക്കാന്‍ ഐഎംഎ ശ്രമം ആരംഭിച്ചു. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം മനസ്സിലാക്കണമെന്നും വിശദീകരിച്ച് ഐഎംഎ നോട്ടീസിറക്കി. പരിസ്ഥിതി സൗഹൃദമായിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുല്‍ഫി എന്നിവര്‍ വിശദീകരിക്കുന്നു. 2004ല്‍ പാലക്കാട്, കഞ്ചിക്കോട് ആരംഭിച്ച പ്ലാന്റിന് സംഭരണശേഷി കവിഞ്ഞതിനാലാണ് തെക്കന്‍ ജില്ലകളിലെ ആശുപത്രി മാലിന്യത്തിനായി ഒരു പ്ലാന്റ് സ്ഥാപിക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് പരിഹരിക്കുന്നതിനായി പൊതുയോഗങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഐഎംഎ.
Next Story

RELATED STORIES

Share it