thiruvananthapuram local

പ്രതിഷേധം ശക്തം; തീരദേശത്ത് കണ്ണീരിന് അറുതിയില്ല

തിരുവനന്തപുരം: കേരള തീരത്ത് കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റ് പിന്‍വാങ്ങി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ലയിലെ തീരദേശവാസികളുടെ കണ്ണീരിന് അറുതിയില്ല. കടലില്‍ പോയ ഉറ്റവര്‍ക്കായി കരഞ്ഞു വറ്റിയ കണ്ണുകളും പ്രാര്‍ഥനകളുമായി തീരത്ത് കാത്തിരിക്കുന്നവര്‍ ഇനിയും നിരവധിയാണ്. അധികൃതരുടെ അവഗണനയ്‌ക്കെതിരേ ഇവര്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി.നാവിക സേനയും തീര സംരക്ഷണ സേനയും നടത്തിയ തിരച്ചിലില്‍  ജില്ലയിലെ വിവിധ തീരദേശ മേഖലകളില്‍ നിന്നുള്ള 29 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി.
എന്നാല്‍ കാണാതായവരുടെ കണക്ക് ഇതുകൊണ്ടൊന്നും പൂര്‍ണമാകുന്നില്ല. ഇനിയും നിരവധി മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്. ഇനിയും കണ്ടെത്താനുള്ളവരെക്കുറിച്ച് കൃത്യമായ കണക്ക് നല്‍കാന്‍പോലും ജില്ലാ ഭരണകൂടത്തിനോ റവന്യൂ വകുപ്പിനോ കഴിയാത്ത സ്ഥിതിയാണ്. അതേസമയം ദിവസങ്ങള്‍ വൈകുന്നതോടെ മല്‍സ്യ തൊഴിലാളികളുടെ പ്രതിഷേധം കനക്കുകയാണ്. കേന്ദ്ര ദുരന്ത നിവാരണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് സംസ്ഥാനം പൂഴിത്തിയെന്നാരോപിച്ച് കേരളാ സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ഇന്നലെ ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. റിപോര്‍ട്ട് പുഴ്ത്തിയതിന് ദുരന്ത നിവാരണ അതോറിറ്റി ഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ദുരന്ത നിവാരണ അതോറിറ്റി ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന തൊഴിലാളികള്‍ മുദ്രാവാക്യം വിളികളുമായി സമരം ശക്തമാക്കി. തുടര്‍ന്ന് ബാലമുരളി ഐ എ എസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മരം അവസാനിപ്പിച്ച് മല്‍സ്യ തൊഴിലാളികള്‍ മടങ്ങിയത്.കടലിലേക്കുപോയ അവസാന ആളിനെയും തിരികെ കൊണ്ടുവരുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ മുന്നറിയിപ്പെങ്കിലും ഇതിലൊന്നും തീരദേശവാസികള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. ഇനിയും എത്ര പേരെ ജീവനോടെ കണ്ടെത്താനാകും എന്നതാണ് ഇവരുടെ ആശങ്കക്ക് കാരണം. ദിവസം വൈകുന്തോറും മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകുകയാണ്.
ഭക്ഷണവും വെള്ളവുമൊന്നുമില്ലാതെ ആറാം ദിവസമാണ് കടലില്‍ അകപ്പെട്ടവര്‍ കടന്നുപോകുന്നത്. ഇതിനകം തന്നെ ആരോഗ്യനില മോശമായിട്ടുള്ളതിനാല്‍ അപകടത്തില്‍പ്പെട്ട വള്ളങ്ങളിലോ ബോട്ടുകളിലോ പിടിച്ചുകിടക്കുക തന്നെ അസാധ്യമാകും. അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചറിയാനാകാത്ത വിധത്തില്‍ എത്തിച്ച രണ്ട് മൃതദഹങ്ങള്‍ തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങളില്‍ നാലെണ്ണം ശ്രീചിത്രയിലെ മോര്‍ച്ചറിയിലും അഞ്ചെണ്ണം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച രണ്ട് പേരേയും ശനിയാഴ്ച അഞ്ച് പേരേയും ഞായറാഴ്ച ഒമ്പത് പേരേയുമാണ് മരിച്ച നിലയില്‍ കൊണ്ടു വന്നത്. രണ്ടു പേരെ പൂന്തുറയില്‍ നിന്നും അഞ്ചു പേരെ വിഴിഞ്ഞത്തു നിന്നും രണ്ടു പേരെ വലിയതുറയില്‍ നിന്നുമാണ് ഞായറാഴ്ച കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ ആദ്യദിവസം കൊണ്ടുവന്ന തിരിച്ചറിഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ എല്ലാം തന്നെ ഡി എന്‍ എ പരിധോശന നടത്താനാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട 49 പേര്‍ ഇപ്പോള്‍ ചികില്‍യിലുണ്ട്.
ഞായറാഴ്ച അഞ്ച് പേരാണ് ചികില്‍സ തേടിയെത്തിയത്. സഖറിയാസ് (55) അടിമലത്തുറ, ക്രിസ്തുദാസ് (48) അടിമലത്തുറ, അന്തോണി അടിമ (30) കൊല്ലംകോട്, സെല്‍വ കുരിശ് (35) അടിമലത്തുറ, മിഖായേല്‍ (58) അടിമലത്തുറ എന്നിവരാണ് ഞായറാഴ്ച ചികില്‍സ തേടിയെത്തിയത്.അതേസമയം ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തീവ്ര പരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ മൈക്കിള്‍ (42) പൂന്തുറ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികില്‍സയിലാണ്. വില്‍ഫ്രെഡ് (48) പുല്ലുവിള ഓര്‍ത്തോ ഐസിയുവില്‍ ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ, കാര്‍ലോസ് (65) അഞ്ചുതെങ്ങ് എന്നിവരെ വാര്‍ഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it