kannur local

പ്രതിഷേധം ഭയന്ന് ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം മാറ്റി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും പരാജയപ്പെട്ടതിനെതുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് ഒരുവിഭാഗം ശക്തമായി രംഗത്തെത്തിയതോടെ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അവസാനനിമിഷം മാറ്റി.
മറ്റൊരു തിയ്യതി പ്രഖ്യാപിക്കാതെയാണ് യോഗം മാറ്റിയതായി പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് യോഗം മാറ്റിയെന്ന വിവരം അംഗങ്ങളെ അറിയിച്ചത്.
കണ്ണൂര്‍ ശിക്ഷക് സദനില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു യോഗം തീരുമാനിച്ചിരുന്നത്. യോഗം നടക്കുകയാണെങ്കില്‍ നേതാക്കളെ തടയുന്നത് ഉള്‍പ്പെടെയുള്ള പരസ്യപ്രതിഷേധം നടത്തുമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതോടെയാണ് യോഗത്തില്‍ നിന്നു പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന.
തിരഞ്ഞെടുപ്പിനു ശേഷം രണ്ടു തവണ ചേര്‍ന്ന യോഗത്തിലും ബഹളമുണ്ടായതോടെയാണ് ഇന്നലത്തേക്ക് യോഗം തീരുമാനിച്ചത്. എന്നാല്‍ ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി, ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി, ഖജാഞ്ചി വി പി വമ്പന്‍, ഭാരവാഹികളായ അഡ്വ. എസ് മുഹമ്മദ്, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. കെ എ ലത്തീഫ് എന്നിവര്‍ക്കെതിരേയാണ് ഭൂരിഭാഗം പേരും രൂക്ഷമായി വിമര്‍ശനമുയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം രൂക്ഷമായതോടെ ജനറല്‍ സെക്രട്ടറി അവധിയില്‍ പ്രവേശിക്കുമെന്നു വരെ അറിയിച്ചിരുന്നു.
ഇതിനു പുറമെ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി താഹിറിനെതിരേ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു പരാതിയും നല്‍കിയിട്ടുണ്ട്.
ജില്ലയിലെ സീറ്റ് ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ട താഹിര്‍ കോര്‍പറേഷനിലുള്‍പ്പെടെ സീറ്റ് കച്ചവടം നടത്തിയെന്നും പരാതിയിലുണ്ട്. താഹിറിനെതിരേ നേരത്തെയും സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
പുറത്തീല്‍ പള്ളിയുടെ പിരിവില്‍ കൃത്രിമം കാണിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണു പരാതി നല്‍കിയിരുന്നത്.
സംസ്ഥാന പ്രസിഡന്റ് ജില്ലാ ജനറല്‍ സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒതുക്കിയെന്നാണ് ആക്ഷേപം. വളപട്ടണം പഞ്ചായത്തില്‍ 32 വര്‍ഷത്തിനു ശേഷം ലീഗിനു ഭരണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി പി വമ്പനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
നേതാക്കളുടെ സാമ്പത്തിക ക്രമക്കേടുകള്‍ ഒരുവിഭാഗം വാട്‌സ് ആപ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ ബഹുഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും നേതൃമാറ്റം ആവശ്യം തുടരുന്നതിനാല്‍ യോഗം സംഘര്‍ഷത്തില്‍ കലാശിക്കുമെന്നുറപ്പായതോടെയാണ് മാറ്റിയതെന്നാണു വിവരം. സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് യോഗം വിളിച്ച് സമവായം നടത്താനാണു നേതൃത്വം ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it