palakkad local

പ്രതിഷേധം, ബഹിഷ്‌കരണം; ബജറ്റ് കോപ്പി കീറിയെറിഞ്ഞു

പാലക്കാട്: നഗരസഭയുടെ 2018-19വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം പ്രതിഷേധത്തില്‍ മുങ്ങി. ഇന്നലെ രാവിലെ കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ തന്നെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭവദാസ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ജനങ്ങളെ പറ്റിക്കുന്നതാണ് ബിജെപിയുടെ ഭരണമെന്നും വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിന് ബജറ്റ് അവതരിപ്പിക്കുന്നതിന് യോഗ്യതയില്ലെന്നും ഭവദാസ് കുറ്റപ്പെടുത്തി. സി കൃഷ്ണകുമാറിന് പകരം ഏതെങ്കിലും ഉദ്യോഗസ്ഥനെ കൊണ്ട് ബജറ്റ് അവതരിപ്പിക്കുന്നതായിരിക്കും നല്ലതെന്നും യുഡിഎഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതിനിടെ ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍മാനെ ബജറ്റ് അവതരണത്തിനായി ക്ഷണിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി ചെയര്‍പേഴ്‌സന്റെ ചേംബറിനെടുത്തെത്തി. ബജറ്റ് വായനയ്ക്കിടെ മൈക്കില്‍ മുദ്രാവാക്യം വിളി തുടര്‍ന്നതോടെ ബിജെപി അംഗങ്ങള്‍ ഇതിനെ പ്രതിരോധിക്കാന്‍ ചേംബറിനടുത്തെത്തി. പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളിയും ബജറ്റ് നിര്‍ദേശങ്ങളെ പിന്തുണച്ച് ഭരണപക്ഷ അംഗങ്ങളുടെ കൈയ്യടിയും ചേര്‍ന്നതോടെ കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങി. ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് മുദാവാക്യം വിളികളോടെ പുറത്തുപോയി. ഈ സമയമത്രയും എല്‍ഡിഎഫ് അംഗങ്ങള്‍ സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it