പ്രതിഷേധം ഫലം കണ്ടു; മുസഫര്‍ നഗര്‍ കലാപം: സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി

ലഖ്‌നോ: മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതികളെ വിട്ടയക്കാനിടയാക്കിയ സംഭവത്തില്‍ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാജിദ് റാണയെ യുപി സര്‍ക്കാര്‍ മാറ്റി. 2013 സപ്തംബര്‍ എട്ടിന് ലാക് ഗ്രാമത്തില്‍ ആസ് മുഹമ്മദ് എന്ന കുട്ടിയെയും അമ്മായി സരോജയെയും തീക്കൊളുത്തി കൊന്ന കേസില്‍ മുസഫര്‍ നഗര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കഴിഞ്ഞ വെള്ളിയാഴ്ചയാണ് 10 പ്രതികളെയും വെറുതെ വിട്ടത്.
പ്രമാദമായ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ചയാണെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലെ പാളിച്ചയും ദുര്‍ബലമായ തെളിവുകളുമാണ് പ്രതികളെ വിട്ടയക്കാന്‍ കാരണമെന്നു ഷാംലി ജില്ലാ മജിസ്‌ട്രേറ്റ് ഓം പ്രകാശ് വര്‍മ സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സമിതിയില്‍ നിന്നു റാണയെ മാറ്റിയത്.
എന്നാല്‍ അന്വേഷണത്തിലെ പാളിച്ചയല്ല പ്രതികളെ വെറുതെ വിടാന്‍ സാഹചര്യമൊരുക്കിയതെന്നും ഇരകളുടെ കുടുംബം കൂറുമാറിയതാണെന്നും സാജിദ് റാണ പറഞ്ഞു. കുടുംബം മൊഴി മാറ്റാന്‍ കാരണമെന്തന്നറിയില്ലെന്നും ദീര്‍ഘകാലം കേസുമായി മുന്നോട്ട് പോവാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസില്‍ അപ്പീല്‍ പോവില്ലെന്ന് റാണ പറഞ്ഞത് വിവാദമായിരുന്നു. ലാകില്‍ നിന്നു പലായനം ചെയ്ത ആസ് മുഹമ്മദിന്റെ കുടുംബം സര്‍ക്കാര്‍ നല്‍കിയ സഹായധനം സ്വീകരിച്ച് ഷാംലിയിലെ കാന്ത്‌ലയില്‍ വീടുവച്ചിരിക്കുകയാണിപ്പോള്‍. ലാകിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. കലാപം തുടങ്ങി ആദ്യദിനം തന്നെ ഇഖ്ബാലിന്റെ കുടുംബം ഷാംലിയിലേക്ക് പോന്നിരുന്നു. കുട്ടിയെയും അമ്മായിയെയും അക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തി കത്തിച്ചെന്ന് ഗ്രാമത്തില്‍ നിന്നു പലായനം ചെയ്‌തെത്തിയവര്‍ പറഞ്ഞാണ് ഇഖ്ബാല്‍ അറിഞ്ഞത്.
Next Story

RELATED STORIES

Share it