wayanad local

പ്രതിഷേധം ഫലം കണ്ടു : പായോട് കള്ളുഷാപ്പ് തുറക്കില്ല



മാനന്തവാടി: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് മാനന്തവാടി-പനമരം റോഡില്‍ പായോട് പ്രവര്‍ത്തിച്ചുവന്ന കള്ളുഷാപ്പ് ജനവാസകേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ നടത്തിയ സമരം വിജയംകണ്ടു. കള്ളുഷാപ്പ് തുടങ്ങാനിരുന്ന താല്‍ക്കാലിക കെട്ടിടത്തിന് പഞ്ചായത്ത് നല്‍കിയ കെട്ടിട നമ്പര്‍ ഭരണസമിതി പിന്‍വലിച്ചു. എടവക പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ വ്യാവസായിക ആവശ്യത്തിനെന്ന പേരില്‍ നിര്‍മിച്ച ഷെഡിന് അനുവദിച്ച നമ്പറാണ് പഞ്ചായത്ത് സെക്രട്ടറി ഇന്നലെ റദ്ദാക്കിയത്. നാലാംമൈല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകര്‍ണന്‍ റോഡിലെ ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരായ പ്രദേശവാസികളുടെ ശക്തമായ സമരത്തിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ തീരുമാനം. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്നും ഇത് അടച്ചുപൂട്ടുന്നതു വരെ സമരം തുടരുമെന്നും പറഞ്ഞുകൊണ്ടാണ്  പ്രദേശവാസികള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കള്ളുഷാപ്പ് തുറന്നപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് കള്ള് അളക്കുന്നവരുമായി സംഘര്‍ഷമുണ്ടായിരുന്നു. വയല്‍ മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ പുഴയ്ക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാന്‍ ശ്രമിച്ചത്. ഇതു ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്നാണ് ഷാപ്പ് അധികൃതരുടെ വാദം. കെട്ടിടത്തിന് എടവക പഞ്ചായത്തില്‍ നിന്നു നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നുള്ള വാദഗതിയും ഇവര്‍ ഉന്നയിച്ചിരുന്നു. പ്രതിഷേധം കനത്ത പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന ഭരണസമിതി യോഗ തീരുമാന പ്രകാരമാണ് അടിയന്തരമായി ഷെഡിന് അനുവദിച്ചിരുന്ന കെട്ടിട നമ്പര്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് ജനങ്ങളുടെ സൈ്വരജീവിതത്തെ ബാധിക്കുന്നതായുള്ള പരാതികള്‍ വസ്തുതാപരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിട നമ്പര്‍ റദ്ദ് ചെയ്തതെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കള്ളുഷാപ്പ് തുടങ്ങാനാണെന്ന വിവരം മറച്ചുവച്ചാണ് അപേക്ഷകന്‍ കെട്ടിട നമ്പര്‍ സംഘടിപ്പിച്ചതെന്നും ആയതിനാല്‍ കെട്ടിട ഉടമയും അപേക്ഷകനുമായ യി വി ബിജു എന്നയാള്‍ക്ക് അനുവദിച്ചിരിക്കുന്ന നമ്പര്‍ റദ്ദ് ചെയ്തിരിക്കുന്നതായും പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസില്‍ പറയുന്നു. ഇതോടെ ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് തുടങ്ങുന്നതില്‍ പ്രദേശവാസികള്‍ക്കുള്ള ആശങ്കയ്ക്ക് താല്‍ക്കാലിക വിരാമമായി.
Next Story

RELATED STORIES

Share it