palakkad local

പ്രതിഷേധം ഫലംകണ്ടു; കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയില്‍വേ

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി പാതയില്‍ അമൃത, ചെന്നൈ എക്‌സ്പ്രസുകള്‍ക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയില്‍വേ മന്ത്രാലയവുമായി സംസാരിച്ച് ഉടന്‍ നടപ്പാക്കുമെന്ന് പാലക്കാട് അസിസ്റ്റന്റ് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ രാവിലെ തുടങ്ങിയ ട്രെയിന്‍ തടയല്‍ സമരം 11ഓടെ അവസാനിപ്പിച്ചു.
പാലക്കാട്-പൊള്ളാച്ചി പാതയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുക, നേരത്തെ സര്‍വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷന്‍ ഊട്ടറ ലെവല്‍ ക്രോസില്‍ എല്‍ഡിഎഫ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രെയിന്‍ തടയല്‍ സംഘടിപ്പിച്ചിരുന്നു. സമരം പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ സര്‍വീസ് തടയരുതെന്നാവശ്യപ്പെട്ട് സമരക്കാരുടെ അടുത്തെത്തിയ എഡിആര്‍എം ടി രാജ്കുമാറാണ് എംപിമാരായ പി കെ ബിജു, എം ബി രാജേഷ്, കെ ബാബു എംഎല്‍എ എന്നിവരോട് സ്റ്റോപ്പ് ഉടന്‍ അനുവദിക്കുമെന്നും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കിയത്.
സമരക്കാര്‍ റെയില്‍പ്പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് വടകന്നികാപുരത്തിനും കൊല്ലങ്കോട് സ്റ്റേഷനുമിടയില്‍ നിര്‍ത്തിയിട്ടു. ചെന്നൈ-പാലക്കാട് എക്‌സ്പ്രസ് പൊള്ളാച്ചിയിലും പിടിച്ചിട്ടു. 11ഓടെ റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചതോടെയാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്. സമരത്തിന് പിന്തുണയുമായി പ്രശസ്ത കവി ഇയ്യങ്കോട് ശ്രീധരനുമെത്തിയിരുന്നു. പെന്‍ഷന്‍ യൂനിയന്‍ ഭാരവാഹികള്‍, പാസഞ്ചര്‍ അസോസിയഷന്‍, ഹെസ് ലോഡ് വര്‍ക്കേഴ്‌സ്, ഓട്ടോ ടാക്‌സി ഡ്രൈവേഴസ്, വ്യാപാരികള്‍ എന്നിവരും പങ്കാളികളായി. ആര്‍പിഎഫ്, ജിആര്‍പിഎഫ്, കേരള പോലിസ് എന്നിവരുടെ വന്‍ സന്നാഹവും ഉയര്‍ന്ന ഉദ്യോഗസ്ഥരും റെയില്‍വേ സെക്യൂരിറ്റി കമ്മാണ്ടര്‍ രഘുവീര്‍ സ്ഥലത്തെത്തി സ്ഥിതികള്‍ നിയന്ത്രിച്ചു. സിപിഐ മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എംപി, കെ ബാബു എംഎല്‍എ, മുരളീധരന്‍ നായര്‍, രമാധരന്‍, യു അസീസ്, തങ്കവേലു സംസാരിച്ചു.
Next Story

RELATED STORIES

Share it